കൊച്ചി: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരുനിന്ന് മത്സരിച്ച് വിജയിക്കുമെന്ന നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്. ബിജെപിക്ക് എന്തുവേണമെങ്കിലും ആഗ്രഹിക്കാമെന്നും തൃശൂരില്‍ ജയിക്കാന്‍ പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും കെ രാജന് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല കെട്ടുറപ്പോടെ കേരളത്തിലെ പൊതുരാഷ്ട്രീയത്തിന്റെ കൂടി പിന്‍ബലത്തില്‍ വളരെ ശക്തമായി മുന്നോട്ടുപോവുകയാണ്. ബിജെപിക്ക് ആഗ്രഹിക്കാം. അതിന് അതിരുകളൊന്നും ഭരണഘടന നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് ഏതുവരെയും ആഗ്രഹിക്കാം. പക്ഷെ ജയിക്കാന്‍ പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരിക്കും. കേരളത്തിലെ സര്‍ക്കാരിന്റെ ഗുണകരമായ രാഷ്ട്രീയ സാഹചര്യവും കേന്ദ്രത്തിനെതിരായ സമരത്തില്‍ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ പ്രസക്തിയുമെല്ലാം അറിയുന്ന ജനങ്ങളാണ്. നല്ല ആത്മവിശ്വാസത്തോടെ തന്നെയാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്'- കെ രാജന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന തന്റെ സിനിമാപ്രമോഷനിടെയാണ് തൃശൂരില്‍ വിജയിക്കുമെന്ന പ്രതീക്ഷ സുരേഷ് ഗോപി പങ്കുവെച്ചത്. 'തൃശൂര്‍ തന്നാല്‍ ഞാന്‍ എടുക്കും. അതില്‍ അമാന്തമുണ്ടാകില്ല. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്തത കാണിക്കും. അങ്ങനെ അതുപോരാ എന്ന് പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നുകൂടി പറയേണ്ടിവരും. തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുളള എന്റെ അപേക്ഷ' -എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.