ഇന്ത്യ പണ്ടുമുതലേ ഫലസ്തീനൊപ്പമാണ്, നിലവിലെ ഭരണകൂടത്തിന്റെ നിലപാട് നിരാശാജനകം- കെ സി വേണുഗോപാൽ

ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് എ ഐ സി സി  ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്ത്യയുടെ നിലപാട് അത്യന്തം നിരാശാജനകമാണെന്നും നിത്യേന നൂറുകണക്കിനുപേര്‍ കൊല്ലപ്പെടുമ്പോഴും അതിനെ വഴിപാടെന്നോണം അനുശോചിച്ച് കൈ കഴുകുകയാണ് കേന്ദ്രസര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. പണ്ടുമുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണെന്നും നിലവിലെ യുദ്ധത്തോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അന്തര്‍ദേശീയ തലത്തില്‍ അതിനുവേണ്ടിയുളള ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ സി വേണുഗോപാലിന്റെ കുറിപ്പ്

ഇസ്രയേൽ– പലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്നു പറയാതെ വയ്യ. 

നിത്യേനയെന്നോണം നൂറുകണക്കിനു പേർ കൊല്ലപ്പെടുമ്പോഴും അതിനെതിരെ വഴിപാടെന്നോണം അനുശോചിച്ചു  കൈ കഴുകുകയാണ് കേന്ദ്ര സർക്കാർ. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടുമുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ആ ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇസ്രയേലോ പലസ്തീനോ ഏതു ഭാഗത്തു നിന്നു ആക്രമണമുണ്ടായാലും ഇന്ത്യ അതിനെ അതിശക്തമായ അപലപിച്ചിരുന്നു. കൃത്യമായ, ഗൗരവമാർന്ന ഇടപെടലുകൾ നടത്തി സമാധാനം നിലനിർത്താൻ ആവുന്നതൊക്കെ ഈ മഹാരാജ്യം ചെയ്തിരുന്നു. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലപാടുകളുടെ ശക്തി ലോകം ഇങ്ങനെ പലകുറി കണ്ടിട്ടുമുണ്ടെന്നതു ചരിത്രം. നിർഭാഗ്യവശാൽ, ഇപ്പോഴത്തെ ഇസ്രയേൽ– പലസ്തീൻ ആക്രമണ– പ്രത്യാക്രമണങ്ങളോടു ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാൻ ഒട്ടും പര്യാപ്തവുമല്ല. ഇന്ത്യയുടെ നിലപാടുകളെ അങ്ങേയറ്റം ഗൗരവത്തോടെ വീക്ഷിക്കുന്ന ലോകരാജ്യങ്ങളും ഇപ്പോഴത്തെ ഈ അഴകൊഴമ്പൻ നിലപാട് കണ്ടു അത്ഭുതം കൂറുകയാവും.

നിത്യേനയെന്നോണം നൂറുകണക്കിനു ജീവനുകളാണ് അവിടെ പിടഞ്ഞു വീഴുന്നത്. ഗാസയിലെ ആശുപത്രിക്കു നേർക്കു നടന്ന വ്യോമാക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് അഞ്ഞൂറിലേറെ മനുഷ്യർ.  മനുഷ്യത്വരഹിതം എന്നൊരൊറ്റ വാക്കിൽ പറഞ്ഞൊതുക്കാൻ കഴിയുന്ന സംഭവങ്ങളല്ല അവിടെ നടക്കുന്നത്. മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ചകളാണെങ്ങും. നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരുമൊക്കെ പിടഞ്ഞു വീഴുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നിൽക്കാൻ കഴിയും ?

ഇസ്രായേൽ ആണെങ്കിലും പലസ്തീൻ ആണെങ്കിലും രാജ്യാന്തര മാനുഷിക നിയമങ്ങൾ പാലിക്കാനുള്ള ബാധ്യതയുണ്ട്. തുടക്കത്തിൽ ഇസ്രായേലിൽ ഹമാസ് അഴിച്ചുവിട്ട ക്രൂരതകൾ കണ്ടില്ലെന്നു നടിക്കാനാവില്ല. പക്ഷെ അവരെ ഈ സാഹചര്യങ്ങളിലേക്കു കൊണ്ടെത്തിച്ച ചരിത്ര പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അവിടെ നടന്നത് അങ്ങേയറ്റം ക്രൂരതയാണ്, മനുഷ്യത്വഹീനമായ നടപടികളാണ്. അതാണ് തുടർ ആക്രമണങ്ങളിലേക്കു നയിച്ചത്. പക്ഷേ അതിനുശേഷവും ഗാസയെ പാടേ തുടച്ചു നീക്കാനെന്നോണം ഇസ്രായേൽ അഴിച്ചുവിടുന്ന അതിക്രൂര ആക്രമണത്തിനു ചില ലോകരാഷ്ട്രങ്ങൾ പിന്തുണ നൽകുന്നതാണ് അത്ഭുതാവഹം. അതിനു പിൻപറ്റി ഇന്ത്യ നിൽക്കാൻ പാടില്ല. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്. അതിനുവേണ്ടിയുള്ള ഇടപെടലുകൾ അന്തർദേശീയ തലത്തിൽ നടത്തുന്നതിന് ഇന്ത്യ മുൻകൈയെടുക്കണം.ലോകരാജ്യങ്ങൾക്കിടയിൽ എല്ലാക്കാലത്തും സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്നിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നോർക്കണം. അതിനു തക്ക പക്വതയാണ്, ഗൗരവമാണ് ഇന്ത്യാരാജ്യത്തിൽ നിന്നു ലോകം പ്രതീക്ഷിക്കുന്നതും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

Web Desk 9 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 1 day ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 3 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 3 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 1 week ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More