തിരുവനന്തപുരം: കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായതിനു പിന്നാലെ ജനതാദള്‍ സെക്യുലറിന് കേരളത്തില്‍ മുന്നറിയിപ്പ് നല്കി സിപിഎം. ബിജെപിയുമായി ബന്ധമുളള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നും എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നും സിപിഎം ജെഡിഎസ് കേരളാ ഘടകത്തിന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കേരളം ഭരിക്കുന്നത് എന്‍ഡിഎ- എല്‍ഡിഎഫ് സഖ്യ സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ജെഡിഎസ് പ്രശ്നപരിഹാരത്തിനായുളള നീക്കം ആരംഭിച്ചു.
ഒക്ടോബര്‍ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. അതിനുമുന്‍പ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ജെഡിഎസ് എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിലെ എതിര്‍പ്പ് സംസ്ഥാന നേതൃത്വം നേരത്തെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം അത് മുഖവിലയ്ക്കെടുത്തില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുളള ജെഡിഎസിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും കേരളത്തില്‍ പാര്‍ട്ടി ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയെ രക്ഷിക്കാനാണ് ഇപ്പോള്‍ എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നതെന്നും സംസ്ഥാനങ്ങളിലെ കാര്യം അതത് സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.