രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

ബിജെപി എംപി രമേഷ് ബിധുരി ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയപ്പോള്‍ സഭാനാഥന്‍ മതിയായ രീതിയില്‍ ഇടപെട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമായിരുന്നില്ലെന്നും ഡാനിഷ് അലിക്കെതിരെ രമേഷ് ബിധുരി ഉപയോഗിച്ച വാക്കുകള്‍ തനിക്ക് മനസിലായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. രമേഷ് ബിധുരി പറഞ്ഞ കാര്യങ്ങള്‍ മനസിലായ നിമിഷം നടപടിയെടുത്തുവെന്നും ഡാനിഷ് അലിക്കുണ്ടായ വേദനയും അപമാനവും ഉള്‍ക്കൊണ്ട് നീതി ഉറപ്പുവരുത്താന്‍ താന്‍ ശ്രമിച്ചുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. 

കൊടിക്കുന്നില്‍ സുരേഷിന്റെ കുറിപ്പ്‌

ഇക്കഴിഞ്ഞ സെപ്റ്റംബർ  21 ന് പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം നടന്നപ്പോൾ ഉണ്ടായ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവങ്ങളിൽ കൃത്യമായ വിശദീകരണം നൽകേണ്ടത് എൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ചില മാധ്യമങ്ങൾ ഞാൻ ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ മതിയായ രീതിയിൽ ഇടപെട്ടില്ല, രമേശ് ബിദുരിയുടെ മൈക്ക് ഓഫ് ചെയ്തില്ല, ഡാനിഷ് അലിയോട് ഇരിക്കാൻ പറഞ്ഞു  എന്നൊക്കെ വാർത്ത  റിപ്പോർട്ട് ചെയ്തത് തികച്ചും ദൗർഭാഗ്യകരമാണ്.  

ലോക്സഭയിൽ ചന്ദ്രയാൻ ദൗത്യത്തെപ്പറ്റി നടന്ന പ്രത്യേക ചർച്ചയുടെ അവസാന ഭാഗം ആകുമ്പോഴാണ് ബിജെപിയുടെ ലോക്സഭാ മെമ്പർ ആയ രമേശ് ബിദുരി എന്ന കുപ്രസിദ്ധനായ അംഗം തൻ്റെ പ്രസംഗം രാത്രി 10:53 ന് ആരംഭിച്ചത്. തുടക്കം മുതൽ തന്നെ സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയിൽ രമേശ് ബിദുരിക്കെതിരെ പല തവണ സഭ നിയന്ത്രിക്കുമ്പോൾ മുൻപും താക്കീതുകൾ   നൽകിയിട്ടുണ്ട് എന്നത് കൂടി ഇവിടെ സൂചിപ്പിക്കട്ടെ. 

രമേശ് ബിദുരിയുടെ   പ്രസംഗം തുടങ്ങിയപ്പോൾ തന്നെ വളരെ രൂക്ഷമായ തർക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു, ഒപ്പം തന്നെ പ്രസംഗം തൽസമയം പരിഭാഷപ്പെടുത്തുന്ന സംവിധാനവും പുതിയ പാർലമെൻ്റ്  മന്ദിരത്തിൽ അത്ര കാര്യക്ഷമം  അല്ലാത്തതിനാൽ രമേശ് ബിദുരി എം പി ,  ഡാനിഷ് അലി എം പിക്ക് നേരെ അശ്ലീലവും ,ജാതീയ അപമാനവും ഉൾപ്പെടുന്ന വാക്കുകൾ ഉപയോഗിച്ചത് അറിഞ്ഞ ആ നിമിഷം തന്നെ സഭാനാഥൻ എന്ന നിലയിൽ ആ നിന്ദ്യമായ പരാമർശങ്ങൾ എല്ലാം തന്നെ രേഖകളിൽ നിന്ന് ഒഴിവാക്കുക എന്ന നടപടി ഞാൻ അപ്പോൾത്തന്നെ സ്വീകരിച്ചു. ഇതിൻ്റെ രേഖകൾ ലോക്സഭ വെബ് സൈറ്റിലെ  തിരുത്തപ്പെടാത്ത ചർച്ചകൾ എന്ന വിഭാഗത്തിൽ ലഭ്യമാണ്. 

പാർലമെൻ്റ് രേഖകളിൽ നിന്ന് രമേശ് ബിദുരിയുടെ അങ്ങേയറ്റം നിന്ദ്യമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകിയ ശേഷം ചർച്ച തുടർന്നു , അപ്പൊൾ ഡാനിഷ് അലി എം പി തൻ്റെ പ്രതിഷേധം വ്യക്തമാക്കാൻ വേണ്ടി സംസാരിക്കാൻ ആരംഭിച്ചപ്പോൾ രമേശ്  ബിദുരിയും ഡാനിഷ് അലിയും തമ്മിൽ നേർക്കുനേർ വാഗ്വാദം ഉണ്ടാകാനും സംഘർഷത്തിലേക്ക് പോകുവാനുമുള്ള  സാധ്യത ഒഴിവാക്കാൻ വേണ്ടി സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയിൽ ഡാനിഷ് അലിക്ക് എതിരായ പരാമർശങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കിയിരിക്കും എന്ന ഉറപ്പ് അദേഹത്തിന് നൽകുകയും അത്തരത്തിൽ പാർലമെൻ്റിൻ്റെ നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ അനുസരിച്ച് സ്വീകരിക്കേണ്ട എല്ലാ നടപടികളും സഭാ നാഥൻ എന്ന നിലയിൽ ഞാൻ കൈക്കൊണ്ടു. 

തുടർന്നും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാഗ്വാദം തുടരുന്ന സാഹചര്യത്തിൽ അപ്പോഴും ഞാൻ ഡാനിഷ് അലി എം.പി യുടെ വേദനയും അദേഹത്തിന് ഉണ്ടായ അപമാനവും , മുസ്ലിം സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിൽ ഉണ്ടായ പരാമർശങ്ങളും ഉൾക്കൊണ്ടുകൊണ്ട് അദേഹത്തിന് നീതി ഉറപ്പ് വരുത്താൻ പരിശ്രമിച്ചു. 

രമേശ് ബിദുരിയുടെ ഭാഗത്ത് നിന്ന് വന്നത് അയാൾ പ്രതിനിധാനം ചെയ്യുന്ന ബിജെപി എന്ന വർഗീയതയും വെറുപ്പും നയമാക്കിയ ,മുസ്ലിം ജനതയെ ഒന്നടങ്കം വെറുക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിൻ്റെ ജീർണിച്ച മനസ്സ് കൂടിയാണ്, എത്ര പുതിയ പാർലമെൻ്റ് മന്ദിരം പണിഞ്ഞാലും, എത്രയൊക്കെ വികസനത്തിൻ്റെ വ്യാജപ്രചരണങ്ങൾ  നടത്തിയാലും, ബിജെപിയുടെ ജാതീയതയുടെയും, മുസ്ലിം സമൂഹത്തോടുള്ള വെറുപ്പിൻ്റെയും മനോഭാവം മാറുന്നില്ല. 

രമേശ് ബിദുരിയുടെ വർഗീയ പരാമർശങ്ങൾ അപ്പോൾ  തന്നെ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും തുടർന്ന് രമേശ് ബിദുരിയ്ക്കെതിരെ സഭയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള അതിശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, ഡാനിഷ് അലിയ്ക്ക് നേരെയുണ്ടായ അവഹേളനം അവകാശലംഘന നിയമപ്രകാരം നടപടി എന്നും  ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്ത് നൽകുകയും ചെയ്തു. 

സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയിൽ ഡാനിഷ് അലി എം പിയുടെ വേദന മനസ്സിലാക്കുകയും അദേഹത്തിന് നീതി ലഭിക്കാനുള്ള ആദ്യ നടപടി എന്ന നിലയ്ക്ക് ലോക് സഭാ നടപടികൾ നിയന്ത്രിക്കുന്ന ഉത്തരവാദിത്വത്തിൽ ഇരുന്നു കൊണ്ട് സാധ്യമായ നടപടികൾക്കും അപ്പോൾ തന്നെ തുടക്കമിടുകയും തുടർന്നും ഡാനിഷ് അലിക്ക് നീതി ലഭിക്കുന്നതിനായി എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തു.   

രമേശ് ബിദുരിയെ പോലെയുള്ള സംഘ പരിവാർ  വർഗീയവാദികൾക്കെതിരെ എന്നും എക്കാലത്തും കൃത്യമായി നിലപാടുകൾ സ്വീകരിച്ചിട്ടുള്ള എൻ്റെ രാഷ്ട്രീയ ജീവിതം എന്നെ അറിയുന്ന ഓരോ മലയാളിക്കും അറിയാവുന്നതാണ്. വർഗീയതക്കെതിരെ നിരന്തരം പോരാടുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ ഒരു പ്രവർത്തകൻ ആയ ഞാൻ എൻ്റെ അവസാന ശ്വാസം വരെയും വർഗീയതക്കും ജാതീയത്ക്കും എതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 20 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 23 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More