ഗുവാഹത്തി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ പരാതി. അസമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈകിയയാണ് മുഖ്യമന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 18-ന് മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ നടന്ന റാലിക്കിടെ സോണിയാ ഗാന്ധിയുടെ വസതിക്ക് തീയിടണമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരാതി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിനെ പരിഹസിച്ച് സംസാരിക്കുന്നതിനിടെ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥ് കത്തിച്ചുകളയണമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
അസം മുഖ്യമന്ത്രി അക്രമത്തിനും തീവെപ്പിനും പ്രോത്സാഹനം നല്‍കിയെന്നും പ്രസംഗം മധ്യപ്രദേശിലായിരുന്നെങ്കിലും അത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും ദേബബ്രത സൈകിയ പറഞ്ഞു. 'സോണിയാ ഗാന്ധി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പങ്കാളിയാണ്. 77 വയസുളള ഒരു സ്ത്രീയുടെ വസതി അഗ്നിക്കിരയാക്കണമെന്ന് നിര്‍ദേശിക്കുന്ന ഹിമന്ത ബിശ്വ ശര്‍മ്മ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവിനെ ആക്രമിക്കുക മാത്രമല്ല, ഒരു വ്യക്തിയെ ആക്രമിക്കാന്‍ കൂടിയാണ് ആഹ്വാനം ചെയ്യുന്നത്. ഭരണഘടനാപരമായ അധികാരമുളള ഒരു വ്യക്തിയില്‍നിന്ന് വരുന്ന ഇത്തരം അനാവശ്യ പ്രസ്താവനകള്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയും 10 ജന്‍പഥില്‍ താമസിക്കുന്ന നേതാക്കള്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യും. അതിനാല്‍ ഐപിസി സെക്ഷന്‍ 153 (പ്രകോപനമുണ്ടാക്കല്‍), 115/ 436 (അക്രമത്തിന് പ്രേരണ)എന്നിവ ചുമത്തി കേസെടുക്കണം'- സൈകിയ കൂട്ടിച്ചേര്‍ത്തു.