കൊല്‍ക്കത്ത: ഇന്ത്യാ സഖ്യത്തിന്റെ ശക്തി ബിജെപിയുടെ അടിത്തറ ഇളക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. രാഷ്ട്രീയമായി മത്സരിക്കാന്‍ കഴിയാത്തവരാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നും ബിജെപിക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ ഭയമാണെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം തൊഴില്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നില്‍ ഹാജരായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോടായിരുന്നു അഭിഷേകിന്റെ പ്രതികരണം.
'ഡല്‍ഹിയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം നടന്ന ദിവസം തന്നെ ഹാജരാകണമെന്ന് ഇഡി എന്നോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ട് സെപ്റ്റംബര്‍ 12-നോ 15-നോ ഇഡിക്ക് എന്നെ വിളിപ്പിക്കാമായിരുന്നു. ബിജെപിക്ക് ഇന്ത്യാ സഖ്യത്തോടുളള ഭയമാണ് ഇത് വ്യക്തമാക്കുന്നത്. ആ ഭയം അവരുടെ അടിത്തറയിളക്കുകയാണ്'- അഭിഷേക് ബാനര്‍ജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിജെപി നേതാക്കള്‍ പ്രതികളാകുന്ന കേസില്‍ എന്തുകൊണ്ടാണ് നടപടികളില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. 'നാരദാ കൈക്കൂലിക്കേസില്‍ ഏഴ് വര്‍ഷമായി സി ബി ഐ അന്വേഷണം നടക്കുകയാണ്. ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് പക്ഷെ സമന്‍സ് ലഭിക്കുന്നില്ല. ഇഡിയും സിബി ഐയും പോലുളള കേന്ദ്ര ഏജന്‍സികള്‍ ആദ്യം കുറ്റവാളികളെ തീരുമാനിച്ചശേഷമാണ് കുറ്റകൃത്യം തീരുമാനിക്കുന്നത്'- അഭിഷേക് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.