മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തുനിന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കുപോലും സാധിച്ചില്ലെന്നും പിന്നെ മോദിക്ക് എങ്ങനെയാണ് ഇത് സാധിക്കുകയെന്നുമാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസിനെയല്ല, കോണ്‍ഗ്രസ് ബ്രിട്ടീഷുകാരെയാണ് തുരത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുംബൈയില്‍ ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനുശേഷം നടന്ന കോണ്‍ഗ്രസിന്റെ പൊതുയോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
'ഇന്നത്തെ അമേരിക്കയെപ്പോലെ അന്ന് ഇംഗ്ലണ്ട് ആഗോളശക്തിയായിരുന്നു. മോദി അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് മുക്ത് ഭാരതമുണ്ടാകുമെന്ന് പറഞ്ഞു. അന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയായ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം എങ്ങനെയാണ് മോദിക്ക് സാധിക്കുക? രാജ്യത്തുനിന്ന് ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസിനെയല്ല, കോണ്‍ഗ്രസ് ബ്രിട്ടീഷുകാരെയാണ് തുരത്തിയത്. അദാനിയുമായുളള ബന്ധം കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് മോദി കരുതുന്നത്. അദാനിയുടെ പണം കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതുപോലെ'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജ്യത്ത് കോണ്‍ഗ്രസ് യുഗം അവസാനിച്ചുവെങ്കില്‍ ആരാണ് കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്തിയതെന്നും രാഹുല്‍ ചോദിച്ചു. 'കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെങ്കില്‍ ആരാണ് ബിജെപിയെ കര്‍ണാടകയില്‍ തോല്‍പ്പിച്ചത്? മഹാരാഷ്ട്രയില്‍ തലയുയര്‍ത്തി നില്ക്കുന്ന പാര്‍ട്ടി ഏതാണ്? സംസ്ഥാനത്ത് തകരാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. നമ്മുടേത് ആശയങ്ങളുടെ പാര്‍ട്ടി ആയതുകൊണ്ടാണത്. മറ്റ് പാര്‍ട്ടികളെപ്പോലെയല്ല, എല്ലാ കോണ്‍ഗ്രസുകാരുടെയും സിരയില്‍ ഒരേ രക്തമാണുളളത്. നിര്‍ഭയത്വത്തിന്റെ രക്തം. ആരെയും ഭയക്കാത്ത കോണ്‍ഗ്രസുകാരെയാണ് ഞാന്‍ കണ്ടിട്ടുളളത്'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.