ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് 200 രൂപ കുറച്ചതില്‍ പ്രതികരണവുമായി എ ഐ സി സി സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ അരുണ്‍ റെഡ്ഡി. ജനങ്ങളെ എങ്ങനെ വിഡ്ഢിയാക്കാമെന്ന് മോദിയില്‍നിന്ന് കണ്ട് പഠിക്കണമെന്നാണ് അരുണ്‍ റെഡ്ഡി പറയുന്നത്. 'മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്ത് 400 രൂപ മാത്രമുണ്ടായിരുന്ന ഗ്യാസ് വില മോദിയുടെ ഭരണത്തില്‍ 1200 രൂപയാക്കി ഉയര്‍ത്തി. ഒമ്പത് വര്‍ഷംകൊണ്ട് ഗ്യാസിന് 800 രൂപ കൂട്ടിയ മോദി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് 200 രൂപ കുറച്ചിരിക്കുന്നു. ജനങ്ങളെ എങ്ങനെ മണ്ടന്മാരാക്കാമെന്ന് മോദിയില്‍നിന്ന് കണ്ട് പഠിക്കണം'- അരുണ്‍ റെഡ്ഡി എക്സില്‍ കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പും രാജസ്ഥാന്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍കണ്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ എല്‍പിജിക്ക് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചത്. പിഎം ഉജ്ജ്വല്‍ യോജന കണക്ഷന് എടുത്തവര്‍ക്ക് നിലവില്‍ 200 രൂപ സബ്സിഡിയുണ്ട്. ഇവര്‍ക്ക് 400 രൂപ ഇളവുണ്ടാകും.
എല്‍പിജി സിലിണ്ടറിന് വില കുറക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത് ഇന്ത്യാ സഖ്യത്തിന് ജനപ്രീതി വര്ധിക്കുന്നതിലുളള സമ്മര്‍ദ്ദം മൂലമാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞിരുന്നു. പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ മോദി സര്‍ക്കാരിനെ ഇന്ത്യ സഖ്യം നിര്‍ബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.