ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും ജവാദ് മണ്ഡലത്തിലെ എംഎല്‍എയുമായ സാമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ആയിരത്തി ഇരുന്നൂറ് കാറുകളുടെയും അയ്യായിരത്തോളം അനുയായികളുടെയും അകമ്പടിയില്‍ ശക്തിപ്രകടനം നടത്തിയാണ് സാമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥില്നിന്ന് വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. 2020-ല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ് സാമന്ദര്‍ പട്ടേല്‍.
മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്ന മൂന്നാമത്തെ സിന്ധ്യ പക്ഷക്കാരനാണ് സാമന്ദര്‍ പട്ടേല്‍. ജൂണ്‍ പതിനാലിന് ശിവപുരിയിലെ ബിജെപി നേതാവ് ബൈജ്നാഥ് സിംഗ് നാനൂറ് കാറുകളുടെ അകമ്പടിയോടെ കൂറ്റന്‍ റാലി നടത്തിയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജൂണ്‍ 28-ന് സമാനമായ രീതിയില്‍ രണ്ടായിരത്തോളം അനുയായികളുമായി രാകേഷ് കുമാര്‍ ഗുപ്തയും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്നു. സാമന്ദര്‍ പട്ടേല്‍ രണ്ടുതവണ കോണ്‍ഗ്രസ് വിട്ടയാളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2018-ല്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെ ജവാദ് മണ്ഡലത്തില്‍ അദ്ദേഹം സ്വതന്ത്ര്യനായി മത്സരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 14,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എന്നാല്‍ 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തി. പിന്നീട് 2020-ല്‍ സിന്ധ്യ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം പോവുകയായിരുന്നു. ബിജെപിയില്‍ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്.