ഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിനിടെ താന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മോദി അടുത്ത വര്‍ഷവും പതാകയുയര്‍ത്തുമെന്നും അത് ചെങ്കോട്ടയിലായിരിക്കില്ല, സ്വന്തം വീട്ടിലായിരിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യത്തുണ്ടായ നേട്ടങ്ങളെല്ലാം സമീപകാലത്തുണ്ടായതാണ് എന്നാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഭരണപരാജയങ്ങള്‍ മറച്ചുവെക്കാന്‍ അവര്‍ പേരുകള്‍ മാറ്റുകയാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുത്തിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ഖാര്‍ഗെ പങ്കെടുക്കാതിരുന്നത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ ബിജെപിയെ കടന്നാക്രമിച്ചുളള വീഡിയോ ഖാര്‍ഗെ പുറത്തുവിട്ടു. 'സമീപവര്‍ഷങ്ങളിലാണ് ഇന്ത്യ വികസിച്ചു തുടങ്ങിയതെന്നാണ് ചിലരുടെ വിചാരം. ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും നയങ്ങളാണ് ഇന്ത്യയെ ആത്മനിര്‍ഭര്‍ ഭാരത് ആവാന്‍ സഹായിച്ചത്. അതിപ്പോള്‍ മോദി പ്രധാന മുദ്രാവാക്യമായി ഉപയോഗിക്കുന്നു'-ഖാര്‍ഗെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ന് ജനാധിപത്യവും ഭരണഘനടയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണി നേരിടേണ്ടിവരുന്നു എന്ന് പറയുന്നതില്‍ ദുഖമുണ്ടെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനായി ഇഡി, സി ബി ഐ, ആദായനികുതി, തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവയെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തും അയോഗ്യരാക്കിയും മൈക്കുകള്‍ നിശബ്ദമാക്കിയും പ്രസംഗം നീക്കം ചെയ്തും വാ മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.