വികസനത്തിന്റെ പേരുപറഞ്ഞ് ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നതിനുപിന്നില്‍ പട്ടേലിന്റെ കുടിലബുദ്ധി - മുഹമ്മദ് ഫൈസല്‍ എംപി

ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് എംപി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും ടൂറിസം വികസനം കൂടി വരണമെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും അതിന് യാത്രാ സൗകര്യമടക്കമുളള അടിസ്ഥാനപരമായ കാര്യങ്ങളില്‍നിന്ന് തുടങ്ങുന്നതിനു പകരം ആദ്യം തന്നെ മദ്യം അനുവദിക്കുന്നതിന്റെ പിന്നില്‍ പട്ടേലിന്റെ കുടിലബുദ്ധിയാണെന്നും മുഹമ്മദ് ഫൈസല്‍ എംപി പറഞ്ഞു.

സാമ്പത്തികം, ജോലി, യാത്ര, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും മുന്നോട്ടുപോകാനുളള നാട്ടില്‍ മദ്യം കൊണ്ടുവന്ന് വികസന മാമാങ്കം നടത്തുന്നു എന്ന് പറയുന്നതിനു പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നും നാടിന് വികസനവും പുരോഗതിയും വേണം എന്നാല്‍ നാടിന്റെ നിലനില്‍പ്പറിഞ്ഞുവേണം അത് നടപ്പിലാക്കാനെന്നും മുഹമ്മദ് ഫൈസല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

മുഹമ്മദ് ഫൈസല്‍ എംപിയുടെ കുറിപ്പ്‌

ആടിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ നോക്കരുത്...

പറയാൻ ഉദ്ദേശിക്കുന്നത് 'ഡ്രാഫ്റ്റ് ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2022'-നെക്കുറിച്ച് തന്നെയാണ്. ലക്ഷദ്വീപിന്റെ സാമ്പത്തിക വളർച്ചയ്ക്കും സ്ഥിരതയ്ക്കും ടൂറിസം വികസനം കൂടി വരണം എന്നതിൽ ആർക്കും സംശയം ഇല്ല. അതിനു ടൂറിസ്റ്റുകൾക്ക് വേണ്ട സൗകര്യം ഒരുക്കണം എന്നതിലും തർക്കമില്ല. പക്ഷെ, വികസനങ്ങൾ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ നിന്ന് തുടങ്ങണം. അത് യാത്രാസൗകര്യം ഒരുക്കുന്നത് മുതൽ തുടങ്ങണം. അതല്ലാതെ, ആദ്യം തന്നെ മദ്യം അനുവദനീയമാക്കുന്നത്തിന്റെ പിന്നിൽ പട്ടേലിന്റെ കുടിലബുദ്ധിയാണ്. ഒരു നാടിന്റെ സാസ്‌കാരിക ചുറ്റുപാട് തകർക്കുക എന്നാൽ അത് ആ നാടിനെ തകർക്കുന്നതിന് തുല്യമാണ്. 

കാരണം, മദ്യം ആകുമ്പോൾ സ്വാഭാവികമായും സമൂഹത്തിൽ നിന്ന് എതിർപ്പ് ഉണ്ടാകും. മദ്യം മതപരമായ കാരണങ്ങളാൽ ഉപയോഗിക്കാത്ത ഒരു സമൂഹം കൂടിയാകുമ്പോൾ, ആ എതിർപ്പിനെ വികസന വിരോധം എന്ന് പറഞ്ഞ് ഒതുക്കാനും,  അതിനെതിരെയുള്ള സമരങ്ങളെ മതപരമായ കാരണം പറഞ്ഞ് തീവ്രവാദ ബന്ധങ്ങൾ ആരോപിച്ച് അടിച്ചൊതുക്കാനും പറ്റും (ഗുണ്ടാ ആക്ട് നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ, അതിനെ ന്യായീകരിക്കാൻ ഇന്റർനാഷണൽ സീ റൂട്ടിൽ പോയ ശ്രീലങ്കൻ ബോട്ടിൽ വച്ച് ആയുധങ്ങൾ പിടിച്ചപ്പോൾ, അത് തീവ്രവാദ ബന്ധം ആണെന്ന് ആരോപിച്ചും സ്ഥാപിക്കാൻ ശ്രമിച്ചും ന്യായീകരണം നടത്തിയവരെ നമുക്കറിയാം). അത് ആടിനെ പറഞ്ഞ് പട്ടിയാക്കലും, പട്ടിയെ പേപ്പട്ടി എന്ന് പറഞ്ഞ് തല്ലിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്ന ദുരുദ്ദേശം ആണെന്ന് ആർക്കും മനസ്സിലാകും. അതുകൊണ്ട് 'ഡ്രാഫ്റ്റ് ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2022' എന്നത് വികസന വഴിയില്ല, മറിച്ച് ലക്ഷദ്വീപിനോട് പട്ടേൽ തുടരുന്ന മനോഭാവത്തിന്റെ തുടർച്ച തന്നെയാണ്.

ഗുജറാത്ത് അടക്കമുള്ള പല സംസ്ഥാനങ്ങളിലും മദ്യനിരോധനം നിലനിൽക്കുന്നുണ്ട്. ആരോഗ്യപരമായ കാര്യങ്ങൾ കൊണ്ട് ഒരു സംസ്ഥാനത്തിന് മദ്യനിരോധനം തീരുമാനിക്കാനുള്ള അവകാശവും ഭരണഘടന ആർട്ടിക്കിൾ 47 പ്രകാരം നൽകുന്നുണ്ട്. ഗുജറാത്തിൽ മന്ത്രിസഭയിൽ ഉണ്ടായിരുന്ന കാലത്ത് പോലും പട്ടേലിന് അവിടെ മദ്യം ലഭ്യമാക്കാൻ സാധിച്ചില്ല. അന്ന് ടൂറിസം മേഖലയ്ക്ക് ലാഭം വേണ്ടായിരുന്നോ?  അവിടെയൊന്നും നടപ്പിലാക്കാതെ വികസനത്തിന്റെ പേര് പറഞ്ഞ് ലക്ഷദ്വീപ്പിൽ നടപ്പാക്കാനുള്ള ഈ ശ്രമത്തെ ശക്തിയുക്തം എതിർക്കുന്നു. സാമ്പത്തികം, ജോലി, യാത്ര, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇനിയും മുന്നോട്ട് പോകാനുള്ള ഒരു നാട്ടിൽ മദ്യം കൊണ്ട് വന്ന് വികസനമാമാങ്കം നടത്തുന്നു എന്ന് പറയുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.

അതിനാൽ ഈ കരട് നിയമ (Draft Regulation) ത്തിൻ മേലുള്ള പൊതു ജനങ്ങളുടെ  അഭിപ്രായങ്ങൾ 30 ദിവസത്തിനുള്ളിൽ (ഓഗസ്റ്റ് 3 മുതൽ 30 ദിവസം) അതോറിറ്റിയെ അറിയിക്കണം. നമ്മുടെ വിയോജിപ്പ് അറിയിക്കുക. വിയോജിപ്പ് collectorate2@gmail.com എന്ന മെയിൽ ഐഡിയിലേക്കോ, Additional District Magistrate, Collectorate, U.T. of Lakshadweep, kavaratti എന്ന വിലാസത്തിലേക്കോ അയക്കുക. 

വികസനം നമുക്ക് വേണം. പുരോഗതിയും വേണം. അത് പക്ഷെ നാടിന്റെ നിലനിൽപ്പ് അറിഞ്ഞുവേണം നടപ്പാക്കാൻ. ചുരുക്കത്തിൽ പാത്രം അറിഞ്ഞു വിളമ്പണം എന്ന് സാരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 hours ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 2 days ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More