ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. സഭയില്‍ സംസാരിക്കാനായി 6 മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്ക് ലഭിക്കുക. ഒന്നര മണിക്കൂര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ലഭിക്കും. കോണ്‍ഗ്രസില്‍നിന്ന് ആദ്യം സംസാരിക്കുക രാഹുല്‍ ഗാന്ധിയായിരിക്കും. രാഹുല്‍ ഗാന്ധിക്കു പുറമേ ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും കോണ്‍ഗ്രസിനായി സംസാരിക്കും. അമിത് ഷാ, നിര്‍മ്മലാ സീതാരാമന്, കിരണ്‍ റിജിജു, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നീ കേന്ദ്രമന്ത്രിമാര്‍ ബിജെപിക്കായി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വൈഎസ്ആര്‍സിപി, ശിവസേന, ജെഡിയു, ബിഡെജി, ബിഎസ്പി, ബിആര്‍എസ്, എല്‍ജെപി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കായി രണ്ടുമണിക്കൂറാണ് അനുവദിച്ചിട്ടുളളത്. അതാത് പാര്‍ട്ടികളുടെ എംപിമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഈ സമയം വിഭജിച്ച് നല്‍കും. ഒരുമണിക്കൂര്‍ പത്ത് മിനിറ്റ് മറ്റ് പാര്‍ട്ടികള്‍ക്കും സ്വതന്ത്ര എംപിമാര്‍ക്കും സംസാരിക്കാനായി നല്‍കും. ചര്‍ച്ചയ്ക്കു മുന്‍പ് ഇന്ത്യാ സഖ്യം യോഗം ചേരുന്നുണ്ട്. രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ മുറിയിലാണ് യോഗം ചേരുന്നത്.
മെയ് മാസം ആരംഭിച്ച കലാപത്തില്‍ ഇരുന്നൂറിനടുത്ത് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. ഇതിനേക്കാള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ലഭിക്കേണ്ട മറ്റൊരു വിഷയവുമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ലോക്സഭയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമുളളതിനാല്‍ അവിശ്വാസ പ്രമേയം പാസാവില്ലെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കാനാവും എന്നതാണ് പ്രതിപക്ഷത്തിന്റെ നേട്ടം. അതേസമയം പ്രധാനമന്ത്രി ഇന്ന് സഭയിലെത്തില്ല. രണ്ടുദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മറ്റന്നാള്‍ മറുപടി നല്‍കും.