തിരുവനന്തപുരം: കേരളം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന്‍റെ സൃഷ്ടിയാണെന്ന് മുന്‍ ധനകാര്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാലം വലിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന് ഇപ്പോഴത്തെ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു. അര്‍ഹമായ വായ്പകള്‍ എടുക്കാന്‍ അനുവദിക്കാതെ സംസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ശ്രമിക്കുന്നത് എന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ വായ്പകള്‍ അനുവദിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന് 3% വായ്പയെടുക്കാന്‍ അനുമതിയുണ്ട്. അതുകൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ച നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരെ യുദ്ധ പ്രഖ്യാപനമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തുന്നത്. ഇതിനെതിരെ ജനരോഷം ഉയര്‍ന്നുവരേണ്ടതുണ്ട് എന്നും ഐസക് കൂട്ടിച്ചേര്‍ത്തു.