ഡല്‍ഹി: ഇനിമുതല്‍ കോണ്‍ഗ്രസിനെതിരെ പോസ്റ്റുകളും ട്വീറ്റുകളുമൊന്നും ഇടരുതെന്ന് നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയാ ടീമിനും നിര്‍ദേശം നല്കി ആം ആദ്മി പാര്‍ട്ടി. ബംഗളുരുവില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനുപിന്നാലെയാണ് തീരുമാനം. പാറ്റ്നയില്‍ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തിനുശേഷം എഎപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകള്‍ മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടിയതിനുപിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബ്-ഡല്‍ഹി ഘടകങ്ങള്‍ക്ക് ആശങ്കയുണ്ട്. കോണ്‍ഗ്രസിന് വോട്ടുവര്ധിക്കുന്നത് ആം ആദ്മിക്ക് ഭീഷണിയാകുമെന്നാണ് നേതാക്കളുടെ ആശങ്ക. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും അതുമായി മുന്നോട്ടുപോകുമെന്നും എഎപി ഡല്‍ഹി ഘടകം അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബംഗളുരുവില്‍വെച്ചാണ് രണ്ടാം പ്രതിപക്ഷ കക്ഷിയോഗം നടന്നത്. 26 രാഷ്ട്രീയപാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടിരുന്നു. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് സഖ്യം ഇനിമുതല്‍ അറിയപ്പെടുക. അടുത്ത മാസം മുംബൈയില്‍വെച്ച് മൂന്നാം പ്രതിപക്ഷ കക്ഷിയോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.