ബംഗളുരു: മുന്‍ ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് ബന്ധമുളള ട്രസ്റ്റിന് പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കര്‍ണാടക. ജനസേവ ട്രസ്റ്റിന് 35.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്കിക്കൊണ്ടുളള ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ ഉത്തരവാണ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൊമ്മെ സര്‍ക്കാര്‍ പതിച്ചുനല്‍കിയ മറ്റ് ഭൂമികള്‍ക്കെതിരെയും നടപടിയുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരമാണ് ജനസേവ ട്രസ്റ്റിന് ഭൂമി നല്കിയ ഉത്തരവ് മരവിപ്പിച്ചതെന്നും തെരഞ്ഞെടുപ്പ് സമയത്ത് ബൊമ്മെ പതിച്ചുനല്‍കിയ മറ്റ് ഭൂമികള്‍ക്കും ഉത്തരവ് ബാധകമാണെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബൊമ്മെ സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടത്തിയ ഭൂമി കൈമാറ്റങ്ങളെല്ലാം പരിശോധിച്ചുവരികയാണ്. ഇത്തരം ഗ്രാന്റുകള്‍ നിരവധി അനര്‍ഹരായ ട്രസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓരോ സംഘടനയുടെയും യോഗ്യതയും ലക്ഷ്യങ്ങളും പരിശോധിക്കുന്നുണ്ട്'- കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. ഗോമാല ഭൂമി (മൃഗങ്ങള്‍ക്ക് മേയാനായി ഒഴിച്ചിട്ട സര്‍ക്കാര്‍ ഭൂമി)യാണ് ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് ട്രസ്റ്റിന് പതിച്ചുനല്‍കിയത്. ഗോമാല ഭൂമി കൈമാറ്റം ചെയ്യരുതെന്ന് 2018-ല്‍ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. ഗോമാല ഭൂമി കൈമാറ്റം ചെയ്യരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന നിരവധി കോടതി വിധികളും കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെ ബിജെപി സര്‍ക്കാര്‍ ട്രസ്റ്റിന് ഭൂമി നല്‍കുകയായിരുന്നു.
ജനസേവ ട്രസ്റ്റ് കൂടാതെ, സിദ്ധഗംഗാ മഠം, രാഷ്ട്രോത്ഥാന പരിഷത്ത്, ഇസ്കോണ്‍, വൊക്കലിംഗ സംഘം, കര്‍ണാടക ലോണ്‍ ടെന്നീസ് അസോസിയേഷന് തുടങ്ങിയവയ്ക്കും ബിജെപി സര്‍ക്കാര്‍ ഇത്തരത്തില്‍ ഭൂമി നല്‍കിയിരുന്നു.