ഒരു വാർത്ത ചുളുവിൽ പ്രൈം ടൈം പരസ്യമാകുന്ന വിധം - കെ കെ ഷാഹിന

കേരളത്തിൽ പുതിയൊരു ചാനൽ മിഴി തുറന്ന ദിവസമാണല്ലോ. കുറച്ച് നേരം ആ ചാനൽ കാണാം എന്ന് തീരുമാനിച്ചു. കണ്ടു.

ഏറ്റവും ഒടുവിൽ കണ്ട ഒരു പ്രോഗ്രാമിനെ കുറിച്ച് മാത്രം ചിലത് പറയണം എന്ന് തോന്നി.  കോഴിക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ ഒരു ലോട്ടറി വിൽപ്പനക്കാരന് ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും വീട് കിട്ടുന്നില്ല. ഇരുപത് വർഷമായി ഒരു വീട് വെക്കാനുള്ള സർക്കാർ സഹായത്തിനായി അയാൾ ഓഫീസുകൾ  കയറി ഇറങ്ങുന്നു. അയാൾക്ക് ഇത് വരെയും സർക്കർ സഹായം കിട്ടിയിട്ടില്ല എന്നാണ് വാർത്ത.

വാർത്തയാണ് . സംശയമേയില്ല.

തങ്ങളുടെ'  ഫൈറ്റ് ഫോർ ജസ്റ്റിസ് ക്യാമ്പയിൻ്റെ ' ഭാഗമായി അവതരിപ്പിക്കുന്ന വാർത്തയാണ് എന്നാണ് എഡിറ്റോറിയൽ ടീമംഗങ്ങൾ അവകാശപ്പെട്ടത്. ഫീൽഡിൽ നിന്നുമുള്ള റിപ്പോർട്ടറുടെ സ്റ്റോറിക്ക് ശേഷം വീടില്ലാത്ത ആ മനുഷ്യനെ ലൈവിലേക്ക് വിളിക്കുന്നു. എഡിറ്റോറിയൽ ടീം അംഗങ്ങൾ ഓരോരുത്തരും അയാളോട് ചില കാര്യങ്ങൾ ചോദിക്കുന്നു. എന്ത് കൊണ്ടാണ് വീട് കിട്ടാത്തത്? അറിയില്ല എന്ന് അയാളുടെ മറുപടി. വീട് വെക്കാൻ എത്ര രൂപ വേണം എന്ന് ചോദ്യം. ഏഴോ എട്ടോ ലക്ഷം രൂപ എന്ന് മറുപടി. ശേഷം ഒരു സ്വകാര്യ കമ്പനിയുടെ തലവനായ ഒരു വ്യക്തി ലൈവിൽ വരുന്നു. അവരുടെ കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നും വീടിനാവശ്യമായ തുക നൽകും എന്ന് പ്രഖ്യാപിക്കുന്നു.

വാർത്തയിൽ നിന്നോ അഞ്ച് എഡിറ്റർമാരുടെ അവതരണത്തിൽ നിന്നോ പ്രേക്ഷകർക്ക് മനസ്സിലാകാത്ത കാര്യങ്ങൾ ഇത്രയുമാണ്. എന്ത് കൊണ്ടാണ് അദ്ദേഹത്തിന് ഇരുപത് വർഷം വീട് കിട്ടാതിരുന്നത്? സർക്കാരിൻ്റെ ഏത് സംവിധാനമാണ് ഇതിന് അക്കൗണ്ടബിൾ ആയിട്ടുള്ളത്?  സർക്കാരിൻ്റെ ഒരു പ്രതിനിധിയുടെ പോലും ബൈറ്റ് ഈ വാർത്തയിൽ ഇല്ല. ജില്ലാ കളക്ടറുടയൊ, പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയൊ പോലും ബൈറ്റ് ഇല്ല.ഇന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ സിറ്റിംഗ് ഉണ്ടായിരുന്നു. വീടില്ലാത്ത ഈ മനുഷ്യൻ അവരെ കണ്ടിരുന്നു. പക്ഷേ വാർത്തയിൽ മനുഷ്യാവകാശ കമ്മീഷൻ്റെ പ്രതികരണവും ഉൾപ്പെടുത്തിയിട്ടില്ല. 

ഒരാൾക്ക് വീടില്ല എന്ന് മാത്രം പറഞ്ഞു വെച്ചാൽ വാർത്ത ആവില്ല. എന്ത് കൊണ്ട് വീടില്ല, ആരാണ് അതിന് ഉത്തരവാദികൾ എന്ന് കൂടി പറയുകയും അതിന് ഉത്തരവാദികൾ ആയവരെ accountable ആക്കുകയും ചെയ്യുക എന്നതാണ് മാധ്യമപ്രവർത്തകരുടെ പണി. എന്ത് കൊണ്ടാണ് ഇരുപത് വർഷമായിട്ടും അയാളുടെ അപേക്ഷ പരിഗണിക്കപ്പെടാതെ പോയത് എന്നത് സംബന്ധിച്ച് അതിന് ഉത്തരവാദികൾ ആയ ആളുകൾക്ക് പറയാൻ ഉള്ളത് കൂടി കേൾക്കുകയും അത് ജനങ്ങളെ കേൾപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അതൊരു വാർത്തയാവുന്നത്.

പകരം ഒരു സ്വകാര്യ കമ്പനിയുടെ വക്താവ് വന്നിരുന്ന് ഇൻസ്റ്റൻ്റ് ആയി നീതി വിതരണം ചെയ്യുന്നു. അതും സി എസ് ആർ ഫണ്ട് ! എഡിറ്റർമാർ എല്ലാവരും കയ്യടിക്കുന്നു. ശേഷം ആ കമ്പനിയുടെ പ്രവർത്തനം/പ്രോഡക്ട് എന്താണ് എന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് സമയം കൊടുക്കുന്നു. ഇത് വാർത്തയല്ല, പരസ്യമാണ് എന്ന് മനസ്സിലാവാൻ ജേർണലിസം പഠിക്കണം എന്നില്ല ?  വെറും 8 ലക്ഷം രൂപക്ക് പ്രൈം ടൈം പരസ്യം ? 

സി എസ് ആർ ഫണ്ട് ചാരിറ്റി അല്ല എന്നതാണു മറ്റൊരു കാര്യം. കമ്പനി ആക്ട് 2013 ലെ സെക്ഷൻ 135 പ്രകാരം അത് നിർബന്ധമാണ്. നിയമപരമായ ബാധ്യതയാണ്. വീടില്ലാത്ത ഒരു മനുഷ്യന് ഒരു സ്വകാര്യ കമ്പനി സി എസ് ആർ ഫണ്ടിൽ നിന്ന് പണം എടുത്ത് വീട് വെച്ച് കൊടുക്കുന്നത് ചാരിറ്റി അല്ല എന്നും മറിച്ച് അത് അവരുടെ നിയമപരമായ ബാധ്യത ആണെന്നും അതീൻ്റെ പേരിൽ ആ മനുഷ്യന് അവരോട് നന്ദി ഉള്ളവൻ ആയിരിക്കാനുള്ള യാതൊരു ബാധ്യതയും ഇല്ലെന്നും അയാളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തലാണ് മാധ്യമ ധർമം. 

നീതി എന്നാൽ മനുഷ്യാന്തസ്സ് കൂടിയാണ്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Shahina K K

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More