ചെന്നൈ: തമിഴ്നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തു. മധുര എം.പി സു വെങ്കിടേശനെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല് വൃത്തിയാക്കാന്‍ കൌണ്‍സിലറായ വിശ്വനാഥന് ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അലര്‍ജി മൂലം തൊഴിലാളി മരിച്ചതായും എസ് ജി സൂര്യ ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് എംപിക്ക് എഴുതിയ കത്തില്‍ സൂര്യ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സിപിഎം സൈബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
ഗൂഡല്ലൂരില്‍ നടന്ന സംഭവത്തെ മധുരയില്‍ നടന്നതായി തെറ്റിധരിപ്പിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സൂര്യയെ ചെന്നൈയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.