മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം വാട്ട്സാപ്പില്‍ പ്രൊഫൈല്‍ പിക്ച്ചറാക്കിയതിന് യുവാവിനെതിരെ കേസ്. നവി മുംബൈയിലാണ് സംഭവം. ഒരു മൊബൈല്‍ കമ്പനിയുടെ ഔട്ട്ലെറ്റില് ജോലി ചെയ്യുന്നയാളെയാണ് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചത്. ഹിന്ദുത്വ സംഘടനാ നേതാവ് അമര്‍ജീത് സാര്‍വെ എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. മഹാരാഷ്ട്രയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രൊഫൈലില്‍നിന്ന് ഔറംഗസേബിന്റെ ചിത്രം മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് അതിന് തയാറായില്ലെന്നും ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും അമര്‍ജീത് സാര്‍വെ പരാതിയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തല്‍, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. ഔറംഗസേബിനെയും ടിപ്പു സുല്‍ത്താനെയും മഹത്വവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഔറംഗസേബിനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കോലാപൂരില്‍ സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ധൂലെയില്‍ ട്രാഫിക് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ടിപ്പു സുല്‍ത്താന്‍ സ്മാരകം പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. അനധികൃത നിര്‍മ്മാണമാണ് എന്ന് ആരോപിച്ചായിരുന്നു നടപടി.