ഇടുക്കി: തന്നെ കളളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി ആദിവാസി യുവാവ് സരുണ്‍ സജി. കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലെ പ്ലാവിന് മുകളില്‍ കയറിയിരിക്കുകയാണ് സരുണ്‍ സജി. ആത്മഹത്യാശ്രമത്തില്‍നിന്ന് യുവാവിനെ പിന്തിരിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഉപ്പുതറ പൊലീസും സ്ഥലത്തുണ്ട്. കുരുക്കിട്ട കയറും കത്തിയുമായാണ് യുവാവ് മരത്തിനുമുകളില്‍ കയറിയിരിക്കുന്നത്. കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്തത് കളളക്കേസാണെന്ന് തെളിഞ്ഞിട്ടും കേസ് പിന്‍വലിക്കാത്തതിലും ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിലും പ്രതിഷേധിച്ചാണ് യുവാവിന്റെ ആത്മഹത്യാശ്രമം.
2022 സെപ്റ്റംബര്‍ ഇരുപതിനാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തന്‍പുരയ്ക്കല്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റുചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് കളളക്കേസാണെന്ന് തെളിയുകയും ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സരുണിന്റെ ഓട്ടോറിക്ഷയുള്‍പ്പെടെ തിരികെ നല്‍കിയെങ്കിലും കേസില്‍നിന്ന് ഒഴിവാക്കിയില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സരുണിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും ഗോത്രവര്‍ഗ കമ്മീഷനും റിപ്പോര്‍ട്ട് തേടിയശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. പത്തുദിവസം ജയിലില്‍ കഴിഞ്ഞ തനിക്ക് നീതി ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കുന്നത്.