ബംഗളുരു: കര്‍ണാടകയില്‍ മയക്കുമരുന്നും ഗുണ്ടായിസവും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സാമൂഹിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാനത്ത് ക്രമസമാധാന നില വഷളായാല്‍ ബന്ധപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരുമായിരിക്കും അതിന് ഉത്തരവാദികളെന്നും സിദ്ധരാമയ്യ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
'ബംഗളുരു നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും മുന്‍ഗണന നല്‍കണം. സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണം. പൊലീസ് സ്റ്റേഷനുകള്ക്കുളളില് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നടപടികളെടുക്കണം. ഗുണ്ടായിസവും നിയമവിരുദ്ധമായ ക്ലബ് പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് മാഫിയയും ഞങ്ങളുടെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല'- സിദ്ധരാമയ്യ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തണമെന്നും പരാതിയുമായി എത്തുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. മാറ്റം പ്രതീക്ഷിച്ചാണ് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുത്തതെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്ത, ജോലിയില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.