മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും നീക്കി. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് സര്‍വ്വീസില്‍ നിന്ന് നീക്കിയത്. വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എന്‍സിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്. ആഡംബര കപ്പലില്‍ ലഹരി വസ്തുക്കളുമായി കണ്ടെത്തിയെന്ന ആരോപണത്തിലായിരുന്നു ആര്യന് ഖാനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു.
ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിനുപിന്നാലെ വിശ്വ വിജയ് സിംഗിനെ എന്‍ സി ബി സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വിശ്വ വിജയ് സിംഗിനെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് വിശ്വ വിജയ് സിംഗിനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തതെന്ന് എന്‍ സി ബി അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് പോയ മറ്റൊരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ വിശ്വനാഥ് തിവാരിക്കെതിരെയും എന്‍ സി ബി നടപടിയെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.