തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ രൂപംകൊള്ളുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ച ചക്രവാതച്ചുഴിമൂലം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ചക്രവാതച്ചുഴി തൊട്ടടുത്ത ദിവസം ന്യൂനമര്‍ദ്ദമായി മാറുകയും അത് വടക്കോട്ട് നീങ്ങി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചനം.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങളിലായി ഇടിമിന്നലോടുകൂടിയ ഒറ്റപെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ലഭിക്കാനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ പ്രവചനം പറയുന്നു. ബുധനാഴ്ച മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. മൂന്നാം തീയതി കേരളം- ലക്ഷദ്വീപ് പ്രദേശങ്ങളില്‍ 40 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട് തീരപ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ്, എന്നിവിടങ്ങളിലും 40 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആറാം തീയതി (ശനി) ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കന്‍ ഭാഗങ്ങളിലും ഏഴാം തീയതി തെക്ക് കിഴക്കന്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ കാറ്റ് ബാധിക്കുമെന്നാണ് പ്രവചനം. ഈ ദിവസങ്ങളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.