ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. മൗണ്ട് ഫോര്‍ട്ട് സ്കൂളിനു സമീപമുളള രാജന് എന്നയാളുടെ താല്‍ക്കാലിക ഷെഡ് കാട്ടാനക്കൂട്ടം പൂര്‍ണമായും നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. ചക്കക്കൊമ്പന് ഉള്‍പ്പെട്ട കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് ആള്‍ത്താമസമില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. രണ്ടുദിവസം മുന്‍പാണ് ജനവാസമേഖലയിലിറങ്ങിയിരുന്ന അരിക്കൊമ്പന് എന്ന കാട്ടാനയെ പിടികൂടി വനംവകുപ്പ് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പന്. ഇറക്കിവിട്ട സ്ഥലത്തുനിന്നും മൂന്നുകിലോമീറ്റര്‍ അകലെയാണ് ആന ഇപ്പോഴുളളത്. ഇന്ന് അരിക്കൊമ്പന് പൂര്‍ണ്ണമായും മയക്കത്തില്‍നിന്ന് ഉണരുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ആന ജനവാസമേഖലയിലേക്ക് കടക്കില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുറച്ചുദിവസം കൂടി അരിക്കൊമ്പനെ ദൗത്യസംഘം നിരീക്ഷിക്കുന്നത് തുടരും.