ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും തമ്മിലുള്ള വാക്ക് പോര് രൂക്ഷമാകുന്നു. കര്‍ണാടകയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 പേര് സുഡാനില്‍ കുടുങ്ങി കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് വിദേശകാര്യമന്ത്രിക്കെതിരെ സിദ്ധരാമയ്യ രംഗത്തെത്തിയത്.
സുഡാനില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്ക്രിയത്വം കാണിക്കുന്നു. ഭക്ഷണം പോലുമില്ലാതെ അവര്‍ ഒറ്റപ്പെട്ടു കിടക്കുകയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ഇതിനെതിരെ ജയശങ്കര്‍ രംഗത്തെത്തി. പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കലര്‍ത്തരുതെന്നും ജയശങ്കര്‍ പറഞ്ഞു. എന്നാല്‍ താങ്കളുടെ മറുപടി കണ്ട് ഞെട്ടിപ്പോയെന്നും കേന്ദ്രവിദേശകാര്യ മന്ത്രിക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സമയമില്ലെങ്കില്‍ സഹായത്തിനായി ബന്ധപ്പെടേണ്ട മറ്റൊരാളെ കാണിച്ചു തരണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
അതേസമയം, സുഡാനിലെ അഭ്യന്തര കലാപം കുറച്ച് ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.