ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അദ്ദേഹം കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകന്‍ കൂടിയായ മുകുള്‍ റോയ് മമതയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2017-ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2020-ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി അദ്ദേഹം ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
'ഞാനൊരു ബിജെപി എം എല്‍ എയാണ്. എനിക്ക് ബിജെപിക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹം. അമിത് ഷായെ കാണാനും ബിജെപിയുടെ ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്. ഞാന്‍ ഒരിക്കലും തൃണമൂല്‍ കോണ്‍ഗ്രസുമായി ഇനി യോജിച്ച് പോകില്ലെന്ന് ഉറപ്പുണ്ട്. മകൻ ശുഭരാംഘ്സുവിനെ കുറിച്ചുള്ള ചോദ്യത്തിന്, മകൻ ബിജെപിയിൽ ചേരണമെന്നും അതാണ് ഉചിതമെന്നും' അദ്ദേഹം ബംഗാളി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.