തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടു ടേം പൂർത്തിയാക്കിയ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ചിന്ത ജെറോം സ്ഥാനം ഒഴിയുന്നത്. മൂന്നു വർഷമാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷന്റെ കാലാവധി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016ലാണ് ചിന്തയെ അദ്ധ്യക്ഷയായി നിയമിച്ചത്. പിന്നീട് സർക്കാരിന്റെ അവസാന ഘട്ടത്തിൽ വീണ്ടും നിയമനം നൽകിയിരുന്നു.
കേന്ദ്രകമ്മിറ്റി അംഗം എം. ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണ് എം ഷാജർ. ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകൾ, തൊഴിൽമേളകൾ, ജോബ് പോർട്ടൽ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്ന് ചിന്ത ജെറോം മനോരമ ന്യൂസിനോട് പറഞ്ഞു.