ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയിലെ കോലാറില്‍ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജയ് ഭാരത് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ വെച്ചായിരുന്നു എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കാന്‍ കാരണമായ പ്രസംഗം രാഹുല്‍ നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല, കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
ഏപ്രില്‍ 5 ന് നടത്താനിരുന്ന റാലി മൂന്ന് തവണയാണ് മാറ്റിവെച്ചത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം പ്രതിഷേധ പരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാഹുലിനെ അയോഗ്യനാക്കിയത് പ്രചാരണ വിഷയമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് എന്തുകൊണ്ടാണ് മോദി എന്ന് പേരുളളവരെല്ലാം കളളന്മാരായത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നിവരെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
കോലാറില്‍ നടത്തിയ പ്രസംഗത്തിനെതിരെ ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. സൂറത്ത് കോടതി രാഹുലിനെ രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കുകയായിരുന്നു.