റായ്പൂര്‍: ഛത്തീഗ്ഢിലെ ബീരേന്പൂരിലുണ്ടായ കൊലപാതകങ്ങളെ ലവ് ജിഹാദുമായി ബന്ധപ്പെടുത്തി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേല്‍. പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം വര്‍ഗീയ കാര്‍ഡിറക്കി സംസ്ഥാനത്തെ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും രണ്ട് നീതിയെന്നതാണ് ബിജെപിയുടെ രീതിയെന്നും ഭൂപേഷ് ഭാഗേല്‍ പറഞ്ഞു.
'ബിജെപി സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്യുന്നതിനുമുന്പ് എന്താണ് നടന്നതെന്ന് പരിശോധിച്ചിട്ടുപോലുമില്ല. രണ്ട് കുട്ടികള്‍ തമ്മിലുളള വഴക്ക് സംഘര്‍ഷത്തിലേക്ക് നയിച്ചു. അതുമൂലം ഒരാള്‍ക്ക് ജീവന് നഷ്ടമായി. അത് വളരെ സങ്കടകരമായ കാര്യമാണ്. അതിനെ ന്യായീകരിക്കാനാവില്ല. എന്നാല്‍ ബിജെപി ഇവിടെ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവര്‍ ലവ് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നു. ബിജെപി നേതാക്കളുടെ മക്കള്‍ മുസ്ലീങ്ങളെ വിവാഹം കഴിക്കുന്നുണ്ട്. അത് ലവ് ജിഹാദിന്റെ ഗണത്തില്പ്പെടില്ലേ? അവരുടെ മക്കള്‍ ചെയ്യുമ്പോള്‍ അത് പ്രണയമാണ്. മറ്റാരെങ്കിലും ചെയ്താല്‍ അത് ലവ് ജിഹാദും'- ഭൂപേഷ് ഭാഗേല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏപ്രില്‍ എട്ടിനാണ് ഭിമിത്രയ്ക്കടുത്തുളള ബീരേന്പൂരില് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്ക് സംഘര്‍ഷത്തിലേക്ക് വഴിമാറിയതും ഇരുപത്തിരണ്ടുകാരനായ ഭുവനേശ്വര്‍ സാഹു കൊല്ലപ്പെടുകയും ചെയ്തത്. തുടര്‍ന്ന് ബിജെപി പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചു. ബന്ദിനെത്തുടര്ന്നുണ്ടായ അക്രമസംഭവങ്ങളില്‍ ബീരേന്പൂര് സ്വദേശികളായ റഹീം മുഹമ്മദ്, മകന് ഈദുല്‍ മുഹമ്മദ് എന്നിവരെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട സാഹുവിന്റെ കുടുംബത്തിലെ പെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കളെ വിവാഹംചെയ്തതിനെത്തുടര്ന്ന് ഗ്രാമത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. സാഹുവിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായവും ന്ല്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.