ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മടിയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ബിജെപിയെ തോല്‍പ്പിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നും ബിജെപിയെ തോല്പ്പിക്കാനായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മടിയില്ലെന്ന് പരസ്യമായി തങ്ങള്‍ പ്രഖ്യാപിക്കുകയാണെന്നും എം എ ബേബി പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സിപിഎം ഒരുപാട് സീറ്റുകളില്‍ മത്സരിക്കേണ്ടതില്ല. ബിജെപിയെ തോല്‍പ്പിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് വിജയസാധ്യതയുളള ഒരുപാട് സീറ്റുകളില്ല. എന്നാല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി മൂന്നുതവണ ജയിച്ചിട്ടുളള ഒരു മണ്ഡലമുണ്ട്. ബാഗേപ്പളളി. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീറാം റെഡ്ഡി അവിടുന്ന് രണ്ടുതവണ ജയിച്ചിട്ടുണ്ട്. അതിനുമുന്പും ആ സീറ്റില്‍ ജയിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുളള ഏതാനും സീറ്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക, ബിജെപിയെ തോല്‍പ്പിക്കുക എന്ന രാഷ്ട്രീയമായ കടമയാണ് ഇന്ന് ഇന്ത്യയില്‍ എവിടെ നടക്കുന്ന തെരഞ്ഞെടുപ്പിലും ഏറ്റവും പ്രധാനപ്പെട്ടത്. ചില സീറ്റുകളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഏറ്റവും സാധ്യതയുളള, സ്വാധീനമുളള സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റേതാണെങ്കില്‍ വര്‍ഗീയതക്കെതിരെ പൊരുതാന്‍ കോണ്‍ഗ്രസ് എവിടെ തയാറാകുന്നുവോ അവിടെ ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസിനെ സഹായിക്കാന്‍ സിപിഎം മടിക്കില്ല എന്ന് പരസ്യമായി ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്'- എം എ ബേബി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബിജെപി പരാജയപ്പെടുത്താന്‍ കഴിയാത്ത പാര്‍ട്ടിയല്ല എന്ന് തെളിയുമെന്നും എം എ ബേബി പറഞ്ഞു. കേരളത്തിലും ബിജെപിയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയ ശത്രു. അതോടൊപ്പം ഇത് തിരിച്ചറിയാന്‍ കഴിയാതെ, ഇടതുപക്ഷത്തെ എതിര്‍ക്കാന്‍വേണ്ടി ബിജെപിയുമായി സഹകരിക്കുന്ന യുഡിഎഫിനെയും ഞങ്ങള്‍ വിമര്‍ശിക്കും. യുഡിഎഫിനൊപ്പം നില്‍ക്കുന്നവരെക്കൂടി എല്‍ഡിഎഫിനൊപ്പം കൊണ്ടുവന്ന് മതേതര ജനാധിപത്യ ശക്തികളുടെ വിശാലമായ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.