ബംഗളുരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കന്നട നടന് കിച്ച സുദീപ് പ്രഖ്യാപിച്ചതിനുപിന്നാലെ പ്രതികരണവുമായി നടന് പ്രകാശ് രാജ്. കിച്ച സുദീപിന്റെ പ്രസ്താവന തന്നില്‍ ഞെട്ടലും വേദനയുമുണ്ടാക്കിയെന്ന് പ്രകാശ് രാജ് പറഞ്ഞു. നേരത്തെ സുദീപ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നപ്പോള്‍ ഇതൊരു വ്യാജ വാര്‍ത്തയാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നു.
'കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്നത് കര്‍ണാടക തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍കണ്ട് ബിജെപിക്കാര്‍ നടത്തുന്ന വ്യാജ പ്രചാരണമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം പരിപാടികളിലൊന്നും വീണുപോകാതിരിക്കാനുളള വിവേകം സുദീപിനുണ്ട്'- എന്നായിരുന്നു അന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി കിച്ച സുദീപ് രംഗത്തെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്റെ ഗോഡ്ഫാദറാണെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്നും നടന് വ്യക്തമാക്കി. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും സുദീപ് പറഞ്ഞു. കന്നട നടന് ദര്ശന് തൂഗുദീപയും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിമൂന്നിനാണ് വോട്ടെണ്ണല്‍.