സ്വന്തം ജീവനും 'പൂജ്യം' വില കല്‍പ്പിച്ച രാമാനുജന്‍

"ഇരുപത്തിയൊന്ന് വയസുണ്ടായിരുന്ന ശ്രീനിവാസ രാമാനുജൻ ഒൻപത് വയസായ ജാനകിയമ്മാളിനെ വിവാഹം കഴിച്ചു. വിവാഹശേഷം ജാനകിയമ്മാൾ സ്വന്തം വീട്ടിലേക്ക് പോയി. അന്ന് രാത്രി രാമാനുജനാകട്ടെ, താനും ഭാര്യയുമായുള്ള പ്രായവ്യത്യാസമായ പന്ത്രണ്ട് എന്ന സംഖ്യയുടെ സവിശേഷതകളെകുറിച്ച് ആലോചിച്ചു കിടന്നു. മൂന്ന് കൊല്ലത്തിനുശേഷം 1912 ൽ ജാനകിയമ്മാൾ രാമാനുജൻറെ വീട്ടിലേക്ക് താമസം മാറ്റിയപ്പോൾ തനിക്ക് മനസിലാക്കാൻ കഴിയാത്ത കണക്കുകൂട്ടലുകളിൽ ഭർത്താവ് കുരുങ്ങിക്കഴിഞ്ഞിരുന്നു. ആ ഗൃഹപാഠത്തിൽ ജാനകിയമ്മാളിന് കിട്ടിയ ശിഷ്ടം കടുത്ത ഏകാന്തതയായിരുന്നു. രാമാനുജൻ ഭാര്യയുടെ മുഖത്തേക്കുപോലും ഒന്ന് നോക്കിയില്ല. ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോൾ പോലും ഒന്ന് മുഖമുയർത്തി നോക്കിയില്ല. ഒരു കയ്യിൽ കണക്കു ബുക്കുമായിട്ടാണ് ശാപ്പാട് കഴിക്കുന്നത്. അവസാനം തൈരുസാദം കഴിക്കുമ്പോൾ മാത്രമാണ് ഭക്ഷണത്തിലേക്കെങ്കിലും നോക്കിയിരുന്നത്. പക്ഷെ, ജാനകിയമ്മാൾ ശ്രീനിവാസ രാമാനുജനെ പ്രണയിച്ചു. ഇരുപത്തിയൊന്ന് വയസ്സിൽ തന്നെ വിധവയാക്കി മരിച്ചുപോയ രാമാനുജന്റെ ഓർമ്മകളെ ജാനകിയമ്മാൾ തൊണ്ണൂറ്റിയഞ്ചുവയസ്സുവരെ പ്രണയിച്ചു."

ഏതു സംഖ്യയേയും അതേസംഖ്യകൊണ്ട്  ഹരിച്ചാൽ ഒന്നുതന്നെയെന്ന ചോദ്യത്തിന് പൂജ്യത്തെ പൂജ്യംകൊണ്ട് ഹരിച്ചാലും ഒന്നുകിട്ടുമോ എന്നുചോദിച്ച വിദ്യാർഥിയായിരുന്നു രാമാനുജൻ.

ജാനകിയമ്മാളിനെസംബന്ധിച്ച് ഒരുപക്ഷേ ജീവിതത്തെ ജീവിതംകൊണ്ട് ഹരിച്ചപ്പോൾ കിട്ടിയത് പൂജ്യമായിരിക്കാം.

കോഴിക്കോട് ബീച്ചിനടുത്തുള്ള അലങ്കാര ലോഡ്ജിൽ എഴുത്തുകാരൻ ഗോപാലകൃഷ്ണൻ താമസിക്കുന്ന കാലം. തത്വചിന്തയിലും സാഹിത്യത്തിലും അഗാധമായ അറിവുണ്ടായിരുന്ന സുഹൃത്ത് അടുത്തുള്ള ചാരായ ഷാപ്പിൽ നിന്നും നരക തീർത്ഥം മോന്തി മുറിയിലേക്ക് വന്നു പറഞ്ഞത്രേ: "ഔപനിഷദിക പ്രഭുവായ അഴീക്കോട് മാഷിനോട് ചെന്ന് പറ, ഉപനിഷത്ത് തെറ്റാണെന്ന്. പൂർണ്ണത്തിൽ നിന്നും പൂർണ്ണമെടുത്തു മാറ്റിയാൽ പൂർണ്ണം പൂർണമായി ശേഷിക്കുമത്രേ! അങ്ങനെയെങ്കിൽ നൂറുമില്ലി ചാരായം നിറച്ച ഗ്‌ളാസ്സിലെ നൂറുമില്ലി കുടിച്ചു തീർത്താൽ നൂറുമില്ലി ബാക്കിയാവേണ്ടതല്ലേ? പക്ഷെ, പൂർണത്തിൽ നിന്നും പൂർണ്ണമെടുത്തുമാറ്റിയപ്പോൾ ഗ്ളാസ് കാലി. എന്റെ കണക്കു കൂട്ടലുകൾ തെറ്റിപ്പോയിഷ്ട്ടാ.

തുണ്ടത്തിൽ ചന്ദ്രശേഖര പണിക്കർ എന്ന ബാലൻ സാർ, കോട്ടയത്തു തിരുനക്കരയമ്പലത്തിന്റെ തെക്കേ നടയിലെ ചെറിയ വീട്ടിലിരുന്നു രാമാനുജന്റെ ഒരു സമസ്യ പൂരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. എഴുപതാണ്ടുകളായി ഈ തലച്ചോർ ഗണിത ശാസ്ത്രത്തിലെ സമാഹൃത ജ്ഞാനത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. ബാലൻ സാറിനെ വിദൂര മാതൃകയാക്കിയാണ് അരവിന്ദൻ 'ചെറിയ മനുഷ്യരും വലിയ ലോക'ത്തിലെ ഗുരുജി എന്ന കഥാപാത്രത്തെ രൂപകൽപ്പന ചെയ്തത് എന്നും ഗോപാലകൃഷ്ണൻ പറയുന്നുണ്ട്. 

തീർച്ചകളുടെ മാതൃഭൂമിയായ കണക്കിന്റെ ലോകത്തിൽ ഒരു ഉന്മാദിയുടെ പങ്കാളിത്തത്തോടെ ചിതറി സഞ്ചരിച്ച ബാലൻ സാറിന്റെ ജീവിതത്തിൽ, അദ്ദേഹം പ്രണയിച്ച സിദ്ധാന്തങ്ങളുടെ ചിട്ടവട്ടങ്ങൾ ഇല്ലായിരുന്നു. 

അദ്ദേഹത്തിന്റെ ചുമരിൽ ഇഎംഎസിൻറെ ചിത്രവും മനസിൽ രാമാനുജനുമാണ്. ഈ ചേരും ചേരുവയുടേയും അർഥം താൻ ചോദിച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണൻ പറയുന്നു..

ശ്രീനിവാസ രാമാനുജം ഗണിത ശാസ്ത്രത്തിന്റെ അഗ്രഗാമികളുടെ കൂടെ നിൽക്കാൻ യൂറോപ്പിലേക്ക് പോയെങ്കിലും ജീവിതക്രമത്തിലെ ബ്രാഹ്മണന്റെ കടും പിടിത്തങ്ങൾ അദ്ദേഹത്തെ ഉപേക്ഷിച്ചില്ല. അത് അദ്ദേഹത്തെ കൊന്നു കളഞ്ഞു. കടുത്ത സസ്യാഹാരിയായിരുന്ന രാമാനുജൻ തനിക്കു പരിചിതമല്ലാത്ത തീഷ്ണശൈത്യത്തിൽ വേണ്ടത്ര ഭക്ഷണം കഴിക്കാതെ ജീവിച്ചു. തുടർച്ചയായി മുപ്പതു മണിക്കൂർ വരെ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും കണക്കു ചെയ്തുകൊണ്ടിരുന്നു അദ്ദേഹം. തന്റെ ജീവിത വാഹനമായ ശരീരമെന്ന ഘടകം ജന്മോദ്ദേശ്യമായ ഗണിതാന്വേഷണത്തിനു അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കാൻ ആ തലച്ചോറിന്‌ കഴിഞ്ഞില്ല. ചെറുപ്പത്തിലേ രാമാനുജൻ മരിച്ചു. 

മുപ്പത്തിരണ്ടുവയസ്സുവെര മാത്രം ജീവിച്ച ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്റെ സംഭാവനകളെപ്പറ്റിയൊരു ചെറുലേഖനമുണ്ട് പുതിയ മാതൃഭൂമിയിൽ. രാമാനുജന്റെ ചരമശതാബ്ദിയിലാണ് ഇന്ത്യയും കണക്കുലോകവും. പ്രതിഭകളുടേതായാലും അല്ലാത്തവരുടേതായാലും കുടുംബ ജീവിതങ്ങൾ എന്നത് അവരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതിഭയേയോ കഴിവുകളെയോ കുറച്ചുകാണുന്നതിനുള്ള അളവുകോലുകളല്ല.

വളരെ ദരിദ്രമായ ചുറ്റുപാടിൽ ജീവിച്ചിട്ടും സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയാത്ത രീതിയിലുള്ള വിജയം വരിച്ചുവെന്നും അദ്ദേഹം ജീവിച്ചിരുന്നുവെന്നൊരു കാരണത്താൽ ഈ ഭൂമി നല്ലൊരു വാസസ്ഥലമായിയെന്നും പറയുന്നുണ്ട് ലേഖനത്തിലെ ഒരു ഉദ്ധരണിയിൽ.

താൻ വലിച്ച ചുരുട്ടിന്റെ വിലപോലും മൂലധനത്തിൽനിന്നു കിട്ടില്ലെന്നു മാർക്സ്  പറഞ്ഞതുപോലെ, കടലാസുവാങ്ങാൻ പണമില്ലാത്തതിനാൽ അവസാനരൂപത്തിലുള്ള സിദ്ധാന്തങ്ങൾ മാത്രമാണ് രാമാനുജൻ അവതരിപ്പിച്ചതെന്നത് പറയുന്നുണ്ട്.

ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഫെലോ ആയി ആദരിക്കപ്പെട്ട ആദ്യത്തെ ഭാരതീയശാസ്ത്രജ്ഞനാണ് രാമാനുജൻ. 

കടൽക്കടന്നുവെന്ന കാരണത്താൽ രാമാനുജന്റെ ബന്ധുക്കൾ ശവസംസ്കാരച്ചടങ്ങിൽ സംബന്ധിച്ചിരുന്നില്ല. കർണാടക സംഗീതംമുതൽ കണക്കുവരേയും ജീവിതവുമായി ബന്ധപ്പെട്ടതെന്തു തടസ്സപ്പെടുത്തുന്ന ഒന്നായി ജാതി  ഇന്ത്യൻ സമൂഹത്തെ എത്രമാത്രം പിന്നോട്ടടിപ്പിച്ചെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. 

ഇന്ത്യക്കാരനായ രാമാനുജന്റെ സിദ്ധാന്തങ്ങൾ വേദങ്ങളിൽനിന്നെടുത്തതാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. 

ഏറെ പ്രിയപ്പെട്ട എഴുത്തുകാരൻ എസ്. ഗോപാലകൃഷ്ണന്റെ 'ജലരേഖകൾ’ എന്ന പുസ്തകവും പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഡോ. അന്‍പാട്ട് വിജയകുമാർ എഴുതിയ ലേഖനവും ആധാരമാക്കിയെഴുതിയത്.

Contact the author

Bibith Kozhikkalathil

Recent Posts

Dr. Azad 6 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More