ഡല്‍ഹി: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതിക്കുപിന്നാലെ പാറ്റ്ന കോടതിയിലും രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഏപ്രില്‍ 12-ന് പാറ്റ്ന കോടതിയില്‍ ഹാജരായി മൊഴി നല്‍കണമെന്നാണ് നിര്‍ദേശം. ബിജെപി നേതാവ് സുശീല്‍ മോദി നല്കിയ പരാതിയിലാണ് നടപടി. 2019-ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പാറ്റ്നയിലെ എംപി, എംഎല്‍എ, എംഎല്‍സി സ്പെഷ്യല്‍ കോടതിയിലാണ് സുശീല്‍ മോദി ഹര്‍ജി സമര്‍പ്പിച്ചത്. സൂറത്തിലെ കേസില്‍ രാഹുല്‍ ഗാന്ധി നിലവില്‍ ജാമ്യത്തിലാണ്.
അതേസമയം, രാഹുല്‍ ഗാന്ധി 12-ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് വിവരം. രാഹുലിന്റെ അഭിഭാഷകന് മറ്റൊരു തിയതി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്കിയ പരാതിയിലാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വവും റദ്ദാക്കിയിരുന്നു. രാഹുലിനെതിരായ സൂറത്ത് കോടതി വിധിക്കെതിരെ ഏപ്രില്‍ അഞ്ചിനാണ് കോണ്‍ഗ്രസ് അപ്പീല്‍ നല്‍കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളാണ് വിവാദമായത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി... എന്തുകൊണ്ടാണ് കളളന്മാര്‍ക്കെല്ലാം മോദി എന്ന പേരുവന്നത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.