ഡല്‍ഹി: കേംബ്രിഡ്ജ് സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്കെതിരായ വിമര്‍ശനം എന്നുമുതലാണ് രാജ്യത്തിനെതിരായ വിമര്‍ശനമായി മാറിയതെന്ന് പവന്‍ ഖേര ചോദിച്ചു. നരേന്ദ്രമോദി വെറുമൊരു പ്രധാനമന്ത്രി മാത്രമാണെന്നും ദൈവമല്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്നുമുതലാണ് നിങ്ങള്‍ക്കെതിരായ വിമര്‍ശനം രാജ്യത്തിനെതിരായ വിമര്‍ശനമായി മാറിയത്? നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രിയാണ്. നിങ്ങള്‍ രാജ്യമോ, ദൈവമോ, സൃഷ്ടാവോ ഒന്നുമല്ല'- പവന്‍ ഖേര പറഞ്ഞു.
'കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്ത് ഒന്നും നടന്നിട്ടില്ലെന്ന് നിങ്ങളാണ് പറഞ്ഞത്. രാജ്യത്തെ അപമാനിക്കുന്നത് നരേന്ദ്രമോദിയാണ്. രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ നിങ്ങള്‍ മൂന്നുതലമുറകളെയാണ് അപമാനിക്കുന്നത്. നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് ചിന്തയില്ല. നിങ്ങള്‍ ഇവിടുളള മാധ്യമങ്ങളെ നിയന്ത്രിക്കുകയും വിദേശ മാധ്യമങ്ങളെ റെയ്ഡ് ചെയ്യുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് ഓര്‍ക്കുന്നില്ല. പ്രധാനമന്ത്രീ, നിങ്ങള്‍ ജനാധിപത്യത്തെ ആക്രമിക്കുന്നതുകൊണ്ടാണ് ഇവിടെ ചര്‍ച്ചയുണ്ടാകുന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ ചര്‍ച്ചയാവുന്നുണ്ടെങ്കില്‍ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുളള ശ്രമമാണ്'- പവന്‍ ഖേര പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടക സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തെ വിമര്‍ശിച്ചത്. ലണ്ടനിലെ മണ്ണില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങളുയരുന്നത് നിര്‍ഭാഗ്യകരമാണെന്നും ചില വ്യക്തികള്‍ ഭഗവാന്‍ ബസവേശ്വരയെയും കര്‍ണാടകയിലെയും ഇന്ത്യയിലെയും ജനങ്ങളെയും അപമാനിക്കുകയാണെന്നുമാണ് നരേന്ദ്രമോദി പറഞ്ഞത്.