ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുളള. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ജമ്മുവിലെ ജനങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 'ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കപ്പെടണമെന്നും ഇവിടെ തെരഞ്ഞെടുപ്പ് നടക്കണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. എന്തുകൊണ്ടാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്താത്തതെന്ന് ഞങ്ങള്‍ക്കറിയില്ല. ഇത് വിചിത്രമായി തോന്നുന്നു'- ഫാറൂഖ് അബ്ദുളള പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഭിമാനത്തോടെ തലയുയര്‍ത്തിനിന്ന ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കി താഴ്ത്തിയതെന്നും കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനം ദുരന്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുതെന്നും നാം ഗാന്ധിജിയുടെ ആശയങ്ങളാണ് പിന്തുടരേണ്ടതെന്നും ഫാറൂഖ് അബ്ദുളള നേരത്തെ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം പുതുമയുളളതല്ല. രാജ്യത്തെ ഇരുപത്തിനാല് കോടി മുസ്ലീങ്ങളെ നിങ്ങള്‍ എന്തുചെയ്യൂം? കടലിലെറിയുമോ അതോ ചൈനയിലേക്ക് അയക്കുമോ? ഗാന്ധിജി രാമരാജ്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഉദ്ദേശിച്ചത് എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന, ആര്‍ക്കെതിരെയും വിവേചനമില്ലാത്ത ക്ഷേമരാഷ്ട്രത്തെക്കുറിച്ചാണ്. അതാണ് നാം പിന്തുടരേണ്ടത്'- എന്നും ഒമര്‍ അബ്ദുളള പറഞ്ഞു.