അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മോദി ആത്മരതിയുടെ അങ്ങേയറ്റത്താണ് എന്നാണ് ജയ്റാം രമേശ് പറയുന്നത്. അഹമ്മദാബാദില്‍ സ്വന്തം പേരിലുളള ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നരേന്ദ്രമോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം എത്തുകയും രഥത്തില്‍ സ്റ്റേഡിയം വലംവയ്ക്കുകയും ചെയ്ത വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ജയ്റാം രമേശിന്റെ പരിഹാസം. രണ്ടുവര്‍ഷം മുന്‍പ് അഹമ്മദാബാദിലെ സ്റ്റേഡിയം പുതുക്കിപ്പണിതതിനുശേഷമാണ് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പേര് മാറ്റി സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേരിട്ടത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള ബോര്‍ഡര്‍ ഗവാസ്കര്‍ ടെസ്റ്റ് സീരീസിലെ നാലാം മത്സരം ആരംഭിക്കുന്നതിനുമുന്പാണ് നരേന്ദ്രമോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയത്. ഇരുവരും ചേര്‍ന്ന് രഥത്തില്‍ സ്റ്റേഡിയത്തെ വലംവെച്ച് കാണികളെ അഭിസംബോധന ചെയ്തു. ഇതിനെയാണ് ജയ്റാം രമേശ് പരിഹസിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നാണ് അഹമ്മദാബാദിലെ മെട്ടേര സ്റ്റേഡിയം. 2015-ല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ച സ്റ്റേഡിയത്തിന് 2021-ലാണ് നരേന്ദ്രമോദിയുടെ പേര് നല്‍കിയത്. ഇതിനെതിരെ അന്ന് വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. അന്ന്, പട്ടേലിനെ അപമാനിക്കുന്ന നടപടിയാണ് ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അധികാരത്തിലെത്തിയാല്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പേര് പുനസ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.