ഡല്‍ഹി: വിദേശരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നത് താനല്ല നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദേശരാജ്യങ്ങല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പല പരാമര്‍ശങ്ങളും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവയാണെന്നും കഴിഞ്ഞ അറുപത് വര്‍ഷം രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇവിടെ അഴിമതി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പറയുന്നത് ഇന്ത്യയെ ഇക്കാണുന്ന സ്ഥിതിയിലേക്കെത്തിക്കാന്‍ പ്രയത്നിച്ച മഹാന്മാരെ നിന്ദിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ ഒരു കാര്യവും വളച്ചൊടിച്ച് സംസാരിച്ചിട്ടില്ലെന്നും അങ്ങനെ വളച്ചൊടിക്കുന്നത് ബിജെപിയുടെ രീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെ, രാഹുല്‍ ഇന്ത്യയെ വിദേശ രാജ്യങ്ങള്‍ക്കുമുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്ന തരത്തില്‍ ബിജെപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയില്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിബിസി ഡോക്യുമെന്ററിയെ ഉദാഹരണമാക്കി രാഹുല്‍ ഗാന്ധി പറഞ്ഞു. 'ബിബിസിക്ക് ഇപ്പോഴാണ് അടിച്ചമര്‍ത്തല്‍ അനുഭവപ്പെടുന്നത്. ഇന്ത്യയിലെ മാധ്യമങ്ങള്‍ കഴിഞ്ഞ 9 വര്‍ഷമായി ഇത്തരം അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ട്. രാജ്യത്ത് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ബിബിസി ബിജെപി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തിയാല്‍ അവര്‍ക്കെതിരായ കേസുകള്‍ ഇല്ലാതാവും'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.