ഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും അജിത് ഡോവലിനെ മാറ്റിയില്ലെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയ്ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ട്വിറ്ററിലൂടെയായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം. 'ദേശിയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും അജിത് ഡോവലിനെ പുറത്താക്കണം. പെഗാസസ് വിഷയത്തിലടക്കം നമ്മെ ഒരുപാട് തവണ വിഡ്ഢികളാക്കിയ ആളാണ് ഡോവല്‍. ഇയാളെ പുറത്താക്കിയില്ലെങ്കില്‍ ഈ വര്‍ഷം പകുതിയോടെ തന്നെ മോദിക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും' - സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തു.
ഇതാദ്യമായിട്ടല്ല സുബ്രഹ്മണ്യന് സ്വാമി മോദിക്കെതിരെ രംഗത്തെത്തുന്നത്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തിയെന്നാണ് സുബ്രഹ്മണ്യന് പറഞ്ഞിരുന്നു. മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ലഡാക്ക് വിഷയത്തില്‍ ചൈനയുടെ മുന്പില് ഇന്ത്യ ഇഴഞ്ഞുനീങ്ങി, യുക്രൈന് വിഷയത്തില്‍ റഷ്യക്ക് മുന്പില് മുട്ടുമടക്കി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ഖത്തറിനു മുന്നിലും ഇന്ത്യ സാഷ്ടാംഗം പ്രണമിച്ചിരിക്കുകയാണെന്നും സുബ്രഹ്മണ്യന് സ്വാമി വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപി വക്താക്കള്‍ പ്രവാചകന് മുഹമ്മദ് നബിക്കെതതിരെ നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം.
കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹം രാജിവെച്ച് പുറത്ത് പോകണമെന്നാണ് സുബ്രഹ്മണ്യന് സ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ബിജെപിക്കുള്ളിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനാണ് ഇദ്ദേഹം.