ത്രിപുരയില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഐക്യപ്പെടുക- എം എ ബേബി

ത്രിപുരയില്‍ ജനാധിപത്യം പുനസ്ഥാപിക്കാനായി ഐക്യദാര്‍ഢ്യ പരിപാടിയുമായി സിപിഎം. സ്വതന്ത്ര്യവും നീതിപൂര്‍വ്വകവും സമാധാനപരവുമായ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കുന്നത്. ത്രിപുരയില്‍ 2018-ല്‍ ബിജെപി അധികാരം കൈക്കലാക്കിയശേഷം പഞ്ചായത്തു മുതല്‍ പാര്‍ലമെന്റുവരെയുളള തെരഞ്ഞെടുപ്പുകള്‍ അക്രമാസക്തമായ അര്‍ധഫാസിസ്റ്റ് സമ്പ്രദായത്തില്‍ അട്ടിമറിക്കപ്പെടുകയായിരുന്നെന്നും ത്രിപുരയില്‍ അത്യന്തം അസാധാരണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം എ ബേബിയുടെ കുറിപ്പ്‌

ഈ മാസം 16-ന് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പാണ്. സ്വതന്ത്രവും നീതിപൂർവകവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്‌ ത്രിപുര ഐക്യദാർഢ്യ പരിപാടി ഇന്ത്യയിലൊട്ടാകെ സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്യുകയുണ്ടായി. ഈ മാസം എട്ടിന്‌ ( ഫെബ്രുവരി 8 ബുധനാഴ്ച ) കേരളത്തിൽ എല്ലാ ജില്ലകളിലും ആയിരങ്ങൾ അണിനിരക്കുന്ന പരിപാടി നടക്കുകയാണ്.

തികച്ചും അസാധാരണമായ സാഹചര്യമാണ് മൂന്നുഭാഗവും ബംഗ്ലാദേശിനെ തൊട്ടുകിടക്കുന്ന ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിലവിലുള്ളത്. 2018ൽ അപ്രതീക്ഷിത നീക്കങ്ങളിലൂടെ സംസ്ഥാന ഭരണം കൈക്കലാക്കിയ ബിജെപി, നഗ്നമായ അർധഫാസിസ്റ്റ് ഭീകരവാഴ്ചയാണ് അവിടെ കെട്ടഴിച്ചുവിട്ടത്. ഒരു വനിത ഉൾപ്പെടെ 24 സഖാക്കൾ അരുംകൊല ചെയ്യപ്പെട്ടു. 231 വീടുകൾ ചുട്ടുകരിക്കപ്പെട്ടു. 2107 വീടുകൾ  കൈയേറി നശിപ്പിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്തു. ഇതിനുപുറമെ 1503   വീടുകൾ‌ കടന്നാക്രമിച്ചു. 213 കടകൾ തീയിട്ടു. 530 കടകൾ കൊള്ളയടിക്കപ്പെട്ടു. 75 മീൻവളർത്തൽ സ്ഥലത്ത്‌ കവർച്ച നടത്തി. 24 മീൻവളർത്തൽ കുളത്തിൽ വിഷം കലക്കി. 55 റബർ തോട്ടങ്ങൾ വെട്ടിനശിപ്പിച്ചു. 39 തോട്ടങ്ങൾ അഗ്നിക്കിരയാക്കി. 217 മോട്ടോർ വാഹനം കത്തിക്കുകയോ ഉപയോഗിക്കാനാകാത്തവിധം നശിപ്പിക്കുകയോ ചെയ്തു.

കൊല്ലപ്പെട്ടവരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സ. രണ ബഹദൂർ ദേബ്‌ ബർമൻ മുതൽ പാർടി പ്രാദേശിക നേതാവായ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച അനിമ ദാസ്‌ എന്ന സഖാവുവരെ ഉൾപ്പെടുന്നു.


ബിജെപിയെയോ അതിന്റെ സഖ്യകക്ഷിയായ ഇൻഡിജിനസ്‌ പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി)യെയോ അനുകൂലിക്കുന്നവർക്കൊഴികെ മറ്റാർക്കും സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. 2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് 42.22 ശതമാനം വോട്ടും ബിജെപിക്ക് 43.59 ശതമാനം വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസിന് 1.79 ശതമാനം വോട്ടായിരുന്നു. എന്നാൽ, സർക്കാരിന്റെ സംരക്ഷണത്തോടെ ബിജെപി–- ആർഎസ്എസ് അക്രമവാഴ്ച കെട്ടഴിച്ചുവിട്ട്‌ പ്രതിപക്ഷത്തെ തുടച്ചുനീക്കുന്ന ആസൂത്രിത പദ്ധതി നടപ്പാക്കപ്പെട്ടു. പ്രതിപക്ഷ എം എൽ എമാർക്ക്‌ സ്വന്തം മണ്ഡലത്തിൽ സഞ്ചരിക്കാനോ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാനോ സാധിക്കാത്ത സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. രണ്ടു പതിറ്റാണ്ടുകാലം മുഖ്യമന്ത്രിയായിരുന്ന, ഇപ്പോൾ പ്രതിപക്ഷ നേതാവായ മണിക് സർക്കാരിനുപോലും സ്വന്തം നിയമസഭാമണ്ഡലത്തിൽ സഞ്ചരിക്കാൻ കഴിയാത്ത അർധഫാസിസ്റ്റ് ഭീകരവാഴ്ചയാണ് ത്രിപുരയിൽ നടമാടുന്നത്.

2021 സെപ്തംബർ ആദ്യ ആഴ്ചയിൽ സിപിഐ എം ഓഫീസുകൾക്കുനേരെ ഒന്നിനു പുറകെ ഒന്നായി ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഉദയപ്പുർ സബ്‌ഡിവിഷണൽ ഓഫീസ്, ഗോമതി ജില്ലാ കമ്മിറ്റി ഓഫീസ്, സെപാഹി ജാല ജില്ലാ കമ്മിറ്റി ഓഫീസ്, ബിഷാൽഘർ സബ് ഡിവിഷണൽ ഓഫീസ്‌, പശ്ചിമ ത്രിപുര ജില്ലാ കമ്മിറ്റി ഓഫീസ്, സദർ സബ് ഡിവിഷണൽ ഓഫീസ്, അഗർത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവയാണ് ആക്രമണത്തിനും കൊള്ളിവയ്‌പിനും ഇരയായത്. സംസ്ഥാന കമ്മിറ്റി ഓഫീസിന്‌ തീവയ്‌ക്കുകയും രണ്ടു കാറുകൾ  തീയിട്ട്‌ നശിപ്പിക്കുകയും ദശരഥ്‌ ദേബിന്റെ പ്രതിമ നശിപ്പിക്കുകയും ചെയ്തു.

‘പിഎൻ 24 വാർത്ത’ എന്ന ദൃശ്യമാധ്യമ ഓഫീസും ‘പ്രതിബാദി കാലം’ എന്ന പത്രത്തിന്റെ ഓഫീസും ആക്രമിച്ചു. സിപിഐ എം പ്രസിദ്ധീകരണമായ ‘ഡെയ്‌ലി ദേശർകഥ’യുടെ ഓഫീസും കടന്നാക്രമിക്കപ്പെട്ടു.

2021 സെപ്‌തംബർ ഒമ്പതിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയിലെ അതീവ ഗുരുതരമായ സ്ഥിതിഗതികളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമായ പരാതി സമർപ്പിക്കുകയുണ്ടായി. അതിൽ 24 അക്രമസംഭവങ്ങൾ കൃത്യമായി എടുത്തുകാട്ടി. എന്നാൽ, സ്വാഭാവികമായും അവയെപ്പറ്റി അന്വേഷിക്കാനോ കുറ്റവാളികളെ നിയമസംവിധാനത്തിനു മുന്നിൽ ഹാജരാക്കാനോ ഒരു നടപടിയും കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരുകളിൽനിന്ന് ഉണ്ടായില്ല.

ത്രിപുരയിൽ 2018ൽ ബിജെപി അധികാരം കൈക്കലാക്കിയശേഷം പഞ്ചായത്തുമുതൽ പാർലമെന്റുവരെയുള്ള തെരഞ്ഞെടുപ്പുകൾ അക്രമാസക്തമായ അർധഫാസിസ്റ്റ് സമ്പ്രദായത്തിൽ അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. ചില ചെറിയ അപവാദങ്ങൾ ഒഴികെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനാധിപത്യ സംരക്ഷണാർഥം ബിജെപിയിതര ശക്തികളെ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് ഒരുപരിധിവരെ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 22ന്‌ വോട്ടവകാശ സംരക്ഷണം കേന്ദ്ര പ്രശ്‌നമായി ഉന്നയിച്ച്‌ അഗർത്തലയിൽ കേന്ദ്ര ഇലക്ടറൽ ഓഫീസറുടെ മുന്നിലേക്ക്‌ ബഹുജനപ്രകടനം സംഘടിപ്പിക്കുകയുണ്ടായി. സിപിഐ എം, സിപിഐ, ഓൾ ഇന്ത്യ ഫോർവേഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി, സിപിഐ എംഎൽ എന്നീ ഇടതുപക്ഷ പാർടികളും കോൺഗ്രസും പൗരാവകാശ പ്രവർത്തകരായ വ്യക്തികളും ഈ ബഹുജന പ്രകടനത്തിൽ പങ്കെടുത്തു.  ‘എന്റെ വോട്ട്‌, എന്റെ അവകാശം’ എന്ന ഒറ്റ മുദ്രാവാക്യമാണ്‌ പ്രകടനക്കാർ മുഴക്കിയത്‌.

പണാധിപത്യം, മതവികാരം വർഗീയമായി ദുഷിപ്പിച്ച്‌ വോട്ടാക്കൽ, മാഫിയ ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടം തുടങ്ങി അർധ ഫാസിസ്റ്റ്‌ ആക്രമണ പദ്ധതികൾവരെ തെരഞ്ഞെടുപ്പ്‌ ഫലത്തെ നിർണയിക്കുന്ന അത്യാപൽക്കരമായ അവസ്ഥയാണ്‌ വളർന്നുവരുന്നത്‌. ത്രിപുരയിൽ അത്യന്തം അസാധാരണമായ സാഹചര്യവും. ഈ പശ്ചാത്തലത്തിൽ ത്രിപുര ഐക്യദാർഢ്യ പരിപാടി വളരെ പ്രാധാന്യമുള്ളതാണ്‌.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More