എന്‍റെ ഡാറ്റ മുഴുവനങ്ങ് ചോര്‍ത്തിയാലും കുഴപ്പമില്ല - ബെന്യാമിന്‍

കെ.എസ്.ശബരീനാഥന്‍ എംഎല്‍എക്ക് ബെന്യാമിന്‍ എഫ്ബി വഴി നല്‍കിയ മറുപടി പൂര്‍ണ്ണരൂപത്തില്‍ മുസിരിസ് പോസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നു 

KS ശബരീനാഥൻ MLA വായിച്ചറിയുവാൻ കേരളത്തിലെ ഒരു പൌരൻ എഴുതുന്നത്

താങ്കൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. നന്ദി. കുളനടയിൽ വന്ന് ഇനിയും ഒന്നിച്ച് ചായ കുടിക്കും എന്ന് ഉറപ്പു തന്നതിനു. വിമർശനങ്ങൾ വ്യക്തിബന്ധങ്ങളെ ബാധിക്കാനുള്ളതല്ലല്ലോ. അതുകൊണ്ട് ചില കാര്യങ്ങൾ താങ്കൾക്ക് മറുപടി ആയി എഴുതാം എന്നു കരുതുന്നു.

1. മുഖ്യമന്ത്രിയുടെ ദിനംതോറുമുള്ള പത്രസമ്മേളനം ഇടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ പരിഹസി‌ച്ചുകൊണ്ടുള്ള സംഘപരിഹാസത്തിനു എതിരെയാണ് ഞാൻ പോസ്റ്റ് ഇട്ടിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഞങ്ങൾ സാധാരണക്കാർ വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രിയെ കേൾക്കാനിരുന്നത് കോവിഡ് വ്യാപനത്തിന്റെ  തോതും സുര‌ക്ഷാ മാനദണ്ഡങ്ങളും ജനങ്ങൾക്ക് എത്തിക്കാൻ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാൻ ആണ്. പക്ഷേ അതിൽ നിങ്ങൾക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും  ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി ശബരി. അതിലൂടെ നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങൾ സാധാരണക്കാരെയാണ്. അതിന്റെ ജാള്യത മറയ്ക്കാൻ അതിനെ Sprinkler വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ട.

2. താങ്കൾ ആവശ്യപ്പെട്ടതുപോലെ പത്രങ്ങൾ വായിച്ചു പഠിക്കുക ആയിരുന്നു ഞാൻ. ടിവിയിൽ മുഖം കാണിക്കാൻ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലർ ഉയർത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐ ടി. സെക്രട്ടറി ശിവശങ്കർ നൽകിയ മറുപടിയിൽ വിശ്വസിക്കാനണ് എനിക്കിപ്പോൾ താത്പര്യം. കാരണം രണ്ട് പ്രളയങ്ങളെയും നിപ്പയെയും ഇപ്പോൾ ഈ മഹാമാരിയെയും അതിജീവിക്കാനും പ്രതിരോധിക്കാനും മുന്നിൽ നിന്ന് തെളിയിച്ചു കാണിച്ച ഒരു സർക്കാർ പറയുന്നത് വിശ്വസിക്കാൻ അനുഭവസ്ഥനായ ആയ ഞാൻ ഇഷ്ടപ്പെടുന്നു.  സോളാർ സരിതയെ പാതിരാത്രിയോളം ഊഴം കാത്തിരുന്ന് വിളിച്ച് വികസനം കൊണ്ടുവന്ന ‘യുവകേസരികൾക്ക്’ ഒപ്പം കൂടി ഇപ്പോൾ താങ്കൾ ഉയർത്തുന്ന വിവാദങ്ങളിൽ വിശ്വസിക്കാൻ തൽക്കാലം മനസില്ല.

3. ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല. വീട്ടിലറിഞ്ഞാൽ പ്രശ്‌നമാകുന്ന തരം ഫോൺ ഡേറ്റയും ഇല്ല.  മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ .

4. ഇപ്പോൾ എന്റെ മുന്നിലുള്ള പ്രശ്നം ഡേറ്റ അല്ല, പ്രവാസഭൂമിയിൽ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിനു നജീബുമാരാണ്. അവരുടെ സുരക്ഷയാണ്, അവരുടെ ആരോഗ്യമാണ്. അവരുടെ തൊഴിൽ ആണ്. അവരുടെ ഭാവിയാണ്. അവരെ തിരിച്ചെത്തിക്കലാണ് അതിനെക്കുറിച്ച് ഓർക്കാനോ പറയാനോ ഉടയാത്ത വെള്ളയുടുപ്പിൽ മാത്രം ജീവിച്ചു ശീലിച്ചിട്ടുള്ള അർബൻ രാഷ്ട്രീയക്കാർക്ക് സമയം കാണില്ല.

5. പിന്നെ ആസ്ഥാനകവി. അതെനിക്ക് നന്നേ പിടിച്ചു. കാരണം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങൾ നേടാൻ കഴിയാവുന്ന ഒരു രാഷ്‌ട്രീയ സംസ്‌കാരത്തിൽ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. അവിടെ നിൽക്കുന്നവർക്ക് അങ്ങനെ മാ‍ത്രമേ തോന്നു. എന്നാൽ ഞാനതിൽ പെടുന്ന ഒരാളല്ല. എനിക്ക് എന്റെ കഴിവിൽ നല്ല ബോധ്യമുണ്ട്. ഇതുവരെ എത്തിയത് എങ്ങനെയാണ് എന്ന ഉറച്ച ബോധ്യം. പ്രശ്നാധിഷ്ഠിതമായി വിഷയങ്ങളെ സമീപിക്കാൻ ഉള്ള ആർജ്ജവവും ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട ‘ജി.കെ യുടെ മകന്’ അങ്ങനെ ഒരു ബോധ്യം ഉണ്ടാവുന്ന കാലത്ത് ആസ്ഥാനകവി പട്ടം മോഹിക്കൽ അവസാനി‌ച്ചു കൊള്ളും.

അപ്പോൾ ഇനിയും കാണണം. ചായ കുടിക്കണം. നന്ദി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More