ഭോപ്പാല്‍: ഷാറൂഖ് ഖാന്‍ ചിത്രം പഠാനെതിരെ ഇനി പ്രതിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. സിനിമയിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഒഴിവാക്കിയതിനാല്‍ ഇനി പഠാനെതിരെ പ്രതിഷേധിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിലെ ദീപികാ പദുക്കോണിന്റെ ബിക്കിനിക്കെതിരെ ആദ്യം രംഗത്തെത്തിയ ബിജെപി നേതാക്കളില്‍ ഒരാളാണ് നരോത്തം മിശ്ര. മധ്യപ്രദേശില്‍ പഠാനെതിരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
'സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് എല്ലാ തിരുത്തലുകളും വരുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. വിവാദമായ വാക്കുകളും ദൃശ്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഇനി സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്'- നരോത്തം മിശ്ര പറഞ്ഞു. ഇന്‍ഡോറിലും ഭോപ്പാലിലുമടക്കം മധ്യപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പഠാനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്ന് തിയറ്ററുകള്‍ക്ക് മോര്‍ണിംഗ് ഷോ വരെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഠാനിലെ ദീപികയുടെ വസ്ത്രത്തിന്റെ നിറം മാറ്റിയില്ലെങ്കില്‍ ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടിവരും എന്നായിരുന്നു നരോത്തം മിശ്ര നേരത്തെ പറഞ്ഞിരുന്നത്. നാലുവര്‍ഷത്തിനുശേഷം പുറത്തിറങ്ങുന്ന ഷാറൂഖ് ഖാന്‍ ചിത്രമാണ് പഠാന്‍. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപികാ പദുക്കോണ്‍ ധരിച്ച ബിക്കിനിയുടെ നിറം ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമുണ്ടായി. എന്നാല്‍ ഡിസംബര്‍ 25-്‌ന് റിലീസായ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.