പാറ്റ്ന: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ബിഹാര്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ സുരേന്ദ്ര പ്രസാദ് യാദവ്. ബിജെപി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി സൈന്യത്തിനെതിരെ ആക്രമണം സംഘടിപ്പിക്കുകയാണ് എന്നാണ് സുരേന്ദ്ര പ്രസാദ് യാദവ് പറയുന്നത്. 2024-ലെ തെരഞ്ഞെടുപ്പിലും തങ്ങള്‍ ജയിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു ബിഹാര്‍ സഹകരണ മന്ത്രിയായ സുരേന്ദ്ര പ്രസാദ് യാദവിന്റെ മറുപടി.
'ബിഹാറിലെ ബിജെപിയുടെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുകയാണ്. 2024-ല്‍ ബിജെപി തുടച്ചുനീക്കപ്പെടും. അവര്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സൈന്യത്തിനെതിരായ ആക്രമണം സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് ജയിക്കാനായി അവര്‍ എന്തും ചെയ്യും. കഴിഞ്ഞ തവണ അത് പുല്‍വാമയായിരുന്നു. ഇത്തവണ ഏതെങ്കിലും രാജ്യമാവാം'- സുരേന്ദ്ര പ്രസാദ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സുരേന്ദ്ര പ്രസാദ് യാദവിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി വക്താവ് അരവിന്ദ് കുമാര്‍ സിംഗ് രംഗത്തെത്തി. കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും സംരക്ഷണം നല്‍കുന്നത് ആര്‍ജെഡിയാണ് എന്നാണ് അരവിന്ദ് കുമാര്‍ പറഞ്ഞത്. 'സൈന്യം ഭീകരരെ ഇല്ലാതാക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി സൈന്യത്തിനെതിരെ ആക്രമണം നടത്താറില്ല. ഞങ്ങള്‍ തീവ്രവാദികള്‍ക്ക് അഭയം നല്കുന്ന പാര്‍ട്ടിയല്ല. കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും അഭയം നല്‍കുന്നത് ആര്‍ജെഡിയാണ്'-എന്നാണ് അരവിന്ദ് കുമാര്‍ സിംഗ് പറഞ്ഞത്.