ബ്രസീലിയ: കുഞ്ഞുപാദങ്ങളാല്‍ കാല്പന്തുതട്ടി തുടങ്ങിയ നഗരത്തിലെ ശ്മശാനത്തില്‍ തന്നെ ലോകം കണ്ട എക്കാലത്തെയും മികച്ച കാല്പന്തുകളിക്കാരന് അന്ത്യവിശ്രമം. പ്രമുഖ ക്ലബ്ബായ സാന്റോസിന്റെ കളിത്തട്ടായ സാന്റോസ് തുറമുഖ പട്ടണത്തിലെ ഫുട്ബോള്‍ മൈതാനത്തിനരികില്‍ സ്ഥിതി ചെയ്യുന്ന സെമിത്തേരിയിലാണ് പെലെയെ അടക്കം ചെയ്തത്. പെലെ എണ്ണമറ്റ തവണ പന്തുതട്ടിക്കളിച്ച വില ബെല്‍മിറോ സ്റ്റേഡിയത്തിനരികിലെ നെക്രോപോള്‍ സെമിത്തേരിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആ ഇതിഹാസ നായകന് അന്ത്യാഭിവാദ്യമാര്പ്പിച്ചു.
ബ്രസീലിന്റെ പ്രസിഡണ്ട് ലുല ഡി സില്‍വക്കൊപ്പം വിവിധ ലോക നേതാക്കളും ലോകോത്തര ഫുട്ബോള്‍ താരങ്ങളും അവസാനമായി പെലെയുടെ മൃതശരീരം ഒരു നോക്കുകാണാന്‍ സാന്റോസ് മൈതാനത്തെത്തി. ചൊവ്വാഴ്ച രാവിലെയോടെ പെലെയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര നഗര പ്രദക്ഷിണം നടത്തി. ജന്മനാട്ടിലൂടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി നീങ്ങിയ ശവമഞ്ജം പെലെയുടെ അമ്മ സെലസ്റ്റ അറാന്റസ് താമസിക്കുന്ന വീട്ടിനരികിലൂടെ നീങ്ങി. പാതയ്ക്കിരുവശവും ആയിരങ്ങള്‍ പ്രിയ നായകന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. അന്ത്യചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് പ്രിയ ഫൂബോള്‍ ക്ലബ്ബായ സാന്റോസിന്റെ ഔദ്യോഗിക ഗാനം മുഴങ്ങി. കാല്‍ലക്ഷം പേരാണ് സാന്റോസ് മൈതാനത്ത് എത്തിച്ചേര്‍ന്നത്. താന്‍ നേടിയ 1283 ഗോളുകളില്‍ കൂടുതലും പെലെ നേടിയത് സാന്റോസിന് വേണ്ടിയായിരുന്നു. ഈ നന്ദി പ്രകാശിപ്പിക്കുന്നതായിരുന്നു സാന്റോസ് ക്ലബ്ബ് മൈതാനിയില്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ക്ലബ്ബ് നല്കിയ അന്ത്യയാത്രാ ചടങ്ങുകള്‍.