മുംബൈ: ഒരു കാലത്ത മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഊമയായ പാവ എന്ന് വിളിച്ചവരാണ് ഇപ്പോള്‍ തന്നെ പപ്പു എന്ന് വിളിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ''ഊമയായ പാവ എന്നാണ് ഇന്ദിരാഗാന്ധിയെ അവര്‍ വിളിച്ചിരുന്നത്. പിന്നീട് ലോകം അവരെ ഉരുക്ക് വനിതയെന്ന് വിളിച്ചു. ഇപ്പോള്‍ അവര്‍ തന്നെ പപ്പു എന്നാണ് വിളിക്കുന്നത്. അത് ഞാന്‍ കാര്യമാക്കുന്നില്ല. അത്തരം പരിഹാസം ഒരു പ്രചാരണത്തിന്റെ ഭാഗമാണ്. അതവരുടെ പേടിയുടെ സൂചനയാണ്''- മുംബൈയില്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
''എന്നെ ഇപ്പോള്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നവരാണ് മുത്തശ്ശിയെ ദിവസത്തില്‍ 24 ണിക്കൂറും ഊമയായ പാവ എന്ന് വിളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അവര്‍ എന്നും ഉരുക്ക് വനിതയായിരുന്നു. അവര്‍ സ്നേഹമായിരുന്നു. എന്റെ രണ്ടാനമ്മ. എന്നെ നിങ്ങള്‍ വിളിക്കുന്ന പേരുകളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇനിയും ഇനിയും അത് ആവര്‍ത്തിക്കൂ. ആ വിളി എനിക്ക് നല്ലതായി മാത്രമേ തോന്നുന്നുള്ളു''- അഭിമുഖത്തില്‍ രാഹുല്‍ വാചാലനായി. ഭാരത ജോഡോ യാത്ര മുംബൈയില്‍ എത്തിയപ്പോള്‍ നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി തനിക്കെതിരായ പരിഹാസങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
ഇപ്പോള്‍ ഇടവേളയിലാണ് ഭാരത ജോഡോ യാത്ര. ജനുവരി മൂന്നിന് പുനരാരംഭിക്കുന്ന യാത്ര 20-ന് ജമ്മുകാശ്മീരില്‍ പ്രവേശിക്കും. ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും നല്ല ഇന്ത്യക്കായി താന്‍ ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്നും മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പദയാത്രയുടെ ഭാഗമാവുന്ന കാര്യം മെഹബൂബ അറിയിച്ചത്. 'കശ്മീരിലെത്തുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു- മെഹബൂബ മുഫ്തി തന്റെ കുറിപ്പില്‍ പറഞ്ഞു.