പത്ത് വര്‍ഷത്തിനിടെ കോര്‍പറേറ്റുകള്‍ കൊള്ളയടിച്ചത് 20 ലക്ഷം കോടി രൂപ - തോമസ്‌ ഐസക്ക്

ഒരു ദശാബ്ദംകൊണ്ട് ബാങ്കുകളിൽ നിന്നും കോർപ്പറേറ്റുകൾ കൊള്ളയടിച്ചത് 20 ലക്ഷം കോടി രൂപയാണെന്ന് മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്. കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ഇത്തരം വായ്പകൾ കോര്‍പറേറ്റുകള്‍ കരസ്ഥമാക്കുന്നത. ഇതിലൊരാൾ 72000 കോടി രൂപ കുടിശിക വരുത്തിയ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളിൽ ഒന്നാണെന്ന് തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞതാണ്. അദാനിയോ കേന്ദ്ര സർക്കാരോ ഇതു നിഷേധിച്ചിട്ടില്ലെന്നും തോമസ്‌ ഐസക്ക് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഒരു ദശാബ്ദംകൊണ്ട് ബാങ്കുകളിൽ നിന്നും കോർപ്പറേറ്റുകൾ കൊള്ളയടിച്ച തുക എത്ര? 2022-ലെ നിഷ്ക്രിയാസ്തികളോട് എഴുതിത്തള്ളിയ കടവും ചേർത്താൽ കിട്ടുന്ന തുക 21 ലക്ഷം കോടിയിലേറെ വരും. ഇതിൽ നിന്നും തിരിച്ചുപിടിച്ച 1.3 ലക്ഷം കോടി രൂപ കിഴിച്ചാൽ ഈ കാലയളവിൽ ബാങ്കുകൾക്കു കിട്ടാക്കടംമൂലം ഉണ്ടായ ധനനഷ്ടം എത്രയെന്നു മനസിലാക്കാം. അത് 20 ലക്ഷം കോടി രൂപയാണ്. എന്താ, ഞെട്ടൽ തോന്നുന്നില്ലേ?

ഒരുകോടി രൂപയേക്കാൾ കൂടുതൽ വായ്പയെടുത്തിട്ടുള്ള ബാങ്ക് കൊള്ളക്കാരെ റിസർവ്വ് ബാങ്ക് രണ്ടായി തരംതിരിക്കാറുണ്ട്. ഒന്ന്) മനപൂർവ്വം ബാങ്കിനെ കബളിപ്പിക്കുന്നവർ. രണ്ട്) ബിസിനസ് നഷ്ടംമൂലം പണം തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നവർ. ഇവരുടെ പേരോ വിവരമോ ഒന്നും പുറത്തുവിടാറില്ല. എന്നാൽ എല്ലാ വിവരങ്ങളും റിസർവ്വ് ബാങ്കിന്റെ കൈയിൽ ഉണ്ടുതാനും. എന്തുകാരണംകൊണ്ടോ ഒരു വിവരാവകാശ ചോദ്യത്തിന് മനപൂർവ്വം ബാങ്കുകളെ കബളിപ്പിച്ചവരുടെ ലിസ്റ്റ് നൽകി. ഇത്തരം 2237 കുടിശികക്കാരുടെ ബാധ്യത 1.85 ലക്ഷം കോടി രൂപ വരും. ഇതിൽ 312 പേർ 100 കോടി രൂപയേക്കാൾ കൂടുതൽ തുക കുടിശികയുള്ളവരാണ്. ഇവരുടെ കുടിശ 1.41 ലക്ഷം കോടി രൂപ വരും.

ഇവരുടെ വലുപ്പ-ചെറുപ്പാടിസ്ഥാനത്തിലുള്ള ബാധ്യതയുടെ കണക്കുകൾ കാണൂ. 1000 കോടിയിലേറെ വായ്പാ കുടിശികയുള്ള 26 പേർ. 500 കോടിക്കും 1000 കോടിക്കും ഇടയിൽ കുടിശിക ബാക്കിയുള്ള 40 കമ്പനികൾ. 100 കോടിക്കും 500 കോടിക്കും ഇടിയിലുള്ളത് 246 പേർ. 1 കോടിക്കും 100 കോടിക്കും ഇടയിൽ 1946 പേർ.

ഏറ്റവും വലിയ കള്ളൻ ഗുജറാത്തുകാരൻ ചോക്സിയാണ്. അയാളുടെ ഗീതാഞ്ജലി ജെംസിന്റെ ബാധ്യത 7848 കോടി രൂപയാണ്. ഇയാളുടെ ഗ്രൂപ്പിലെ മറ്റു രണ്ട് കമ്പനികൾക്ക് 2596 കോടി രൂപ കുടിശികയായിട്ടുണ്ട്. ഈ പഹയനെ ഇനി തൊടാനാകില്ല. 2018-ൽ അയാൾക്ക് ഇന്ത്യയിൽ നിന്നും ഒളിച്ചോടി. ഇപ്പോൾ ആന്റിഗ്വാ-ബാർബഡോസ് എന്ന രാജ്യത്തെ പൗരനാണ്. ഇയാളുടെ അനന്തരവനാണ് ലണ്ടനിൽ അഭയാർത്ഥിയായി കഴിയുന്ന നീരവ് മോദി. ജതിൻ മേത്തയുടെ ഡയമണ്ട് കമ്പനി 2931 കോടി രൂപയാണ് വെട്ടിച്ചത്. ജതിൻ മേത്തയുടെ കൂട്ടുകമ്പനിക്കാരെയെല്ലാംകൂടി ചേർത്താൽ മൊത്തം തുക 6800 കോടി രൂപ വരും.

മതിയായ ആസ്തികളൊന്നും ഇല്ലാതെ ഇവരെപ്പോലുള്ള കറക്കു കമ്പനികൾക്ക് ഇത്രയും വലിയ തുക വായ്പയായി കിട്ടുന്നത് എന്നതൊരു അത്ഭുതമാണ്. ഒരേ കമ്പനി ഒരേ സമയം പല ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയാണ്. 11 കുടിശികക്കാർ മൊത്തം 11755 കോടി രൂപ എസ്ബിഐയിൽ നിന്നും വായ്പയെടുത്തിട്ടുണ്ട്. അതേസമയം, മറ്റു പൊതുമേഖലാ ബാങ്കുകളിൽ നിന്നും ഈ 11 പേർ 25353 കോടി രൂപയും വായ്പയെടുത്തിട്ടുണ്ട്. അങ്ങനെ മൊത്തം 37108 കോടി രൂപ.

എന്തെല്ലാം കടമ്പകൾ കടന്നാലാണ് ഒരു സാധാരണക്കാരന് ഏതാനും ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുക്കാൻ കഴിയുക. ഒരു ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ മറ്റു ബാങ്കുകളൊന്നും തൊടില്ല. പിന്നെ എങ്ങനെയാണ് ഈ കറക്ക് കമ്പനികൾ ഇത്രയും തുക പലരിൽ നിന്നായി എടുത്തത്? എന്ത് അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടർ ബോർഡ് ഇത്തരം വായ്പകൾ അംഗീകരിച്ചത്? ഇതൊക്കെ പരമരഹസ്യമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ഇത്തരം വായ്പകൾ കരസ്ഥമാക്കുന്നത്.

ഏതായാലും വെട്ടിപ്പുകാരുടെ ലിസ്റ്റ് പുറത്തുവിട്ടു. എന്നാൽ ഇവർ വെട്ടിച്ച തുക ബാങ്കുകൾക്കു നഷ്ടപ്പെട്ട മൊത്തം തുകയുടെ 10 ശതമാനത്തിൽ താഴെയേ വരൂ. ബാക്കിയുള്ളവർ കുടിശികയാക്കിയിരിക്കുന്നത് മനപൂർവ്വം അല്ലായെന്നാണ് റിസർവ്വ് ബാങ്ക് പറയുന്നത്. ഈ വേർതിരിന്റെ മാനദണ്ഡം എന്താണ് എന്നൊന്നും നമുക്ക് അറിയില്ല. ഇത് ബാങ്കുകൾ മാത്രം അറിഞ്ഞാൽ മതിയോ? വമ്പൻ സ്രാവുകൾ മുങ്ങി നടക്കുകയാണ്. ഇതിലൊരാൾ 72000 കോടി രൂപ കുടിശിക വരുത്തിയ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളിൽ ഒന്നാണെന്ന് തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞതാണ്. അദാനിയോ കേന്ദ്ര സർക്കാരോ ഇതു നിഷേധിച്ചിട്ടില്ലതാനും.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More