ബാംഗ്ലൂര്‍: കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ചിത്രം. ഹാള്‍ ടിക്കറ്റിന്റെ സ്ക്രീന്‍ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരത്തിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്സണ്‍ ബിആര്‍ നായിഡു ട്വീറ്റ് ചെയ്തു. നടി സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയ്ക്കുള്ളില്‍ നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നും നായിഡു ഹാള്‍ ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംഭവം വിവാദമായതിനെ തുടര്‍ന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും സ്വന്തം ഫോട്ടോ അപ്ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക. ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തി എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, പരീക്ഷക്കുള്ള ആപ്ലിക്കേഷന്‍ പൂരിപ്പിച്ചപ്പോള്‍ സണ്ണി ലിയോണിന്റെ ഫോട്ടോ നല്‍കിയിരുന്നോ എന്ന് ഉദ്യോഗാര്‍ഥിയോട് ചോദിച്ചു. എന്നാല്‍ താന്‍ അല്ല വിവരങ്ങള്‍ അപ്ലോഡ് ചെയ്തതെന്നും ഭര്‍ത്താവിന്റെ സുഹൃത്താണെന്നുമാണ് ഉദ്യോഗാര്‍ഥി പറഞ്ഞതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.