ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. സോണിയാ ഗാന്ധി ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. എ ഐ സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസൂദന്‍ മിസ്ത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറി. തുടര്‍ന്നാണ് ഖാര്‍ഗെ സോണിയാ ഗാന്ധിയില്‍നിന്ന് അധികാരമേറ്റത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത്.
അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിനു മുന്‍പായി രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ ഖാര്‍ഗെ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും, കേരളത്തില്‍നിന്ന് കെ പി സി സി സി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, പി സി വിഷ്ണുനാഥ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ തെളിവാണെന്നും എല്ലാവര്ക്കും ഒന്നിച്ച് മുന്നോട്ടുപോകാമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ശ്രേഷ്ടരായ നേതാക്കള്‍ ഇരുന്ന പദവിയിലെത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും തന്റെ അനുഭവ സമ്പത്തും കഠിനാധ്വാനവും പാര്‍ട്ടിക്കായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 'കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ പ്രത്യയശാസ്ത്രമാണ്. എല്ലാ പ്രവര്‍ത്തകരും ഒപ്പം നില്‍ക്കണം. അധ്യക്ഷ പദവിയെന്ന വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണം'-മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.