ഇടുക്കി: ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ മന്ത്രി എം എം മണി. പാര്‍ട്ടിയോട് നന്ദികേട് കാണിച്ചയാളാണ് രാജേന്ദ്രനെന്നും അദ്ദേഹത്തെ വെറുതെ വിടരുതെന്നും എം എം മണി പറഞ്ഞു. മൂന്നാറില്‍ എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ 54-ാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് രാജേന്ദ്രനെ വെറുതെ വിടരുതെന്നും തൊഴിലാളികള്‍ കൈകാര്യം ചെയ്യണമെന്നും പ്രസംഗത്തില്‍ എം എം മണി പറഞ്ഞു.
'നന്ദിയില്ലാത്തവനാണ് അവന്. പതിനഞ്ച് വര്‍ഷം എംഎല്‍എ. ജില്ലാ പഞ്ചായത്ത് അംഗം. അങ്ങനെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരം രണ്ടുപ്രാവശ്യം മന്ത്രിയായവര്‍ മാറിനില്‍ക്കണമെന്ന് തീരുമാനമായപ്പോഴാണ് എ രാജയെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍, എംഎല്‍എ സ്ഥാനം ലഭിക്കാതെ വന്നതോടെ രാജേന്ദ്രന് എ രാജയെ തോല്‍പ്പിക്കാനുളള കളികള്‍ നടത്തിത്തുടങ്ങി. ഉണ്ട ചോറിന് നന്ദി കാണിക്കാതെ രാജേന്ദ്രന് പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ നടത്തിയെന്ന് കണ്ടെത്തിയതോടെ അയാളെ സസ്പെന്‍ഡ് ചെയ്തു. എന്നിട്ടും ഒളിഞ്ഞിരുന്ന് പാര്‍ട്ടിക്കെതിരെ പണിയുകയാണ്. രാജേന്ദ്രനെ വെറുതെ വിടരുത്. തൊഴിലാളികള്‍ കൈകാര്യം ചെയ്യണം'-എന്നാണ് എം എം മണി പറഞ്ഞത്.
അതേസമയം, ആരുടെയും ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും കൈകാര്യം ചെയ്യാനാണ് തീരുമാനമെങ്കില്‍ അതിനെ നേരിടുമെന്നും എസ് രാജേന്ദ്രന് പറഞ്ഞു. 'സമനില തെറ്റിയ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞെന്നുവച്ച് അതിനോട് പ്രതികരിക്കേണ്ട കാര്യമില്ല. എന്നെ നേരിടാന്‍ തൊഴിലാളികളോട് പറഞ്ഞിരിക്കുന്നു. അവര്‍ക്ക് എന്നെ നന്നായി അറിയാം. തോട്ടംമേഖലയില്‍ ജനിച്ചുവളര്‍ന്ന എനിക്ക് കൈകാര്യം ചെയ്യാന്‍ വന്നാല്‍ അതിനെ നേരിടാന്‍ അറിയാം. ആരുടെയും ഭീഷണി പേടിച്ച് നാടുവിടാനില്ല. തല്ക്കാലം പൊലീസില്‍ പരാതി നല്‍കുന്നില്ല'-എസ് രാജേന്ദ്രന് പറഞ്ഞു.