ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പും വിദ്വേഷവും വളരുന്നതിന്റെ ഗുണം ലഭിക്കുന്നത് രണ്ട് അതിസമ്പന്നരായ കോര്‍പ്പറേറ്റുകള്‍ക്കാണെന്നും രാഹുല്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ ഡല്‍ഹി രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത് രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാര്ക്കുവേണ്ടി മാത്രമാണ്. അവര്‍ രണ്ടുപേരും ജോലി ചെയ്യുന്നതാകട്ടെ മോദിക്കുവേണ്ടിയും. ഈ വ്യവസായികള്‍ക്ക് മോദിയുടേ മേലെയും മാധ്യമങ്ങളുടെ മേലെയും നിയന്ത്രണമുണ്ട്. ഈ രണ്ട് വ്യവസായികളും മാധ്യമങ്ങളുമില്ലായിരുന്നെങ്കില് മോദി ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലായിരുന്നു. മോദി അധികാരത്തിലെത്തിയതുമുതല്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും നിറയുകയാണ്. ബിജെപിയും ആര് എസ് എസും ചേര്‍ന്ന് രാജ്യത്തെ വിഭജിക്കുകയാണ്. പാവങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്തിയാണ് ഭിന്നിപ്പിക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തെരുവിലിറങ്ങാനും രാഹുല്‍ ഗാന്ധി ജനങ്ങളോട് ആഹ്വാനം ചെയ്തു. 'നരേന്ദ്രമോദിയും ബിജെപിയും രാജ്യത്തെ ദുര്‍ബലമാക്കുകയാണ്. കോണ്‍ഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്. ഞങ്ങള്‍ വിദ്വേഷം ഇല്ലാതാക്കുന്നു. അപ്പോള്‍ രാജ്യം അതിവേഗം മുന്നോട്ടുപോകും. കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്രത്തിനുമാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുകയുളളു'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.