പാറ്റ്ന: 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചുനിന്നാല്‍ ബിജെപിയെ അമ്പത് സീറ്റുകളിലേക്ക് ഒതുക്കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ ഐക്യം വളരെ പ്രധാനമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ നടന്ന ജെ ഡി യു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ബിജെപി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടാക്കിയെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി. പ്രതിപക്ഷ ഐക്യത്തിന് നിതീഷ് കുമാര്‍ നേതൃത്വം നല്‍കണമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ബിജെപി വിരുദ്ധ മുന്നണിയെ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റ് പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത മൂന്ന് ദിവസത്തിനുളളില്‍ അദ്ദേഹം ഡല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ സഖ്യം വിട്ട നിതീഷ് കുമാര്‍ ഓഗസ്റ്റ് പത്തിനാണ് ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ആര് ജെ ഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായത്. തുടര്‍ന്ന് 2014-ല്‍ അധികാരത്തില്‍വന്ന ബിജെപി 2024-ല്‍ അധികാരത്തിലുണ്ടാവില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തുടര്‍ന്ന് നിതീഷ് കുമാറിനെ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര് ജെ ഡി നേതാവുമായ തേജസ്വി യാദവ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 2024-ല്‍ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാര്‍ വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവെച്ചുകൊണ്ടാണ് തേജസ്വി യാദവും നിതീഷിന്റെ പേര് നിര്‍ദേശിച്ചത്.