ഹൈദരാബാദ്: സിപിഐ ആഹ്വാനം ചെയ്ത വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ബിനോയ് വിശ്വം എം പിയെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തില്‍ പങ്കെടുക്കാന്‍ ബിനോയ് വിശ്വത്തിന് പോലീസ് അനുവാദം നല്‍കിയിരുന്നില്ല. പൊലീസ് ഉത്തരവ് ലംഘിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തതോടെയാണ് അറസ്റ്റ്. അന്യായമായാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും ഭൂമാഫിയകള്‍ക്കായി ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നല്‍കുമെന്ന ചന്ദ്രശേഖര റാവു സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വാറങ്കലിലെ മട്ടേവാഡയിൽ നിമ്മയ്യ കുളത്തിന് സമീപം സർക്കാർ ഭൂമി പിടിച്ചെടുത്ത് കുടിലുകൾ കെട്ടിയാണ് പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചത്. വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി കര്‍ഷകരുടെ സ്ഥലങ്ങള്‍ ഭൂമാഫിയ അനധികൃതമായി കൈയ്യേറിയിട്ടുണ്ട്. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ വകവെക്കാതെ സര്‍ക്കാര്‍ ഇപ്പോഴും ഭൂമാഫിയക്ക് മൗന സമ്മതം നല്‍കുകയാണ്. അതോടൊപ്പം, സമീപ പ്രദേശങ്ങളിലെ ജലാശയങ്ങള്‍ മണ്ണിട്ട് നികത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സമരത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകള്‍ വാറങ്കൽ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്.